എനിക്ക് 41 സെന്റ് സ്ഥലമുണ്ട്, 3 കുടുംബങ്ങൾക്ക് 5 സെന്റ് വീതം നൽകാം: ടാപ്പിങ് തൊഴിലാളിയായ ജോസഫ്
ദുരന്തത്തില്‍ പെട്ടവര്‍ തന്‍റെ സഹോദരങ്ങളാണെന്നും അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ജീവിതത്തിന് അര്‍ത്ഥമുണ്ടാകില്ലെന്നും ജോസഫ് പറഞ്ഞു.
തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി തൃശൂര്‍ ചേലക്കരയിലെ ടാപ്പിങ് തൊവിലാളിയായ ജോസഫ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ എൻനാട് വയനാട് ലൈവത്തോണ്‍ പരിപാടിയുടെ ഭാഗമായാണ് ജോസഫ് ദുരന്തബാധിതര്‍ക്ക് വീട് നിര്‍മിക്കാൻ സൗജന്യമായി സ്ഥലം വിട്ടുനല്‍കുമെന്ന് പറഞ്ഞത്. ചേലക്കരയില്‍ 41 സെന്‍റ് സ്ഥലമുണ്ടെന്നും വയനാട്ടിലെ ദുരന്തബാധിതരായ മൂന്ന് കുടുംബങ്ങള്‍ക്ക് അഞ്ച് സെന്‍റ് വീതം നല്‍കാമെന്നും ജോസഫ് പറഞ്ഞു.
ദുരന്തത്തില്‍ പെട്ടവര്‍ എന്‍റെ മക്കളാണ് എന്‍റെ സഹോദരങ്ങളാണ്.അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ജീവിതത്തിന് അര്‍ത്ഥമുണ്ടാകില്ല. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ജോസഫ് പറഞ്ഞു. മൂന്ന് കുടുംബങ്ങള്‍ക്ക് ഒന്നിച്ച് നില്‍ക്കാമെന്ന് കരുതിയാണ് മൂന്നു പേര്‍ക്ക് ഭൂമി നല്‍കാൻ തീരുമാനിച്ചത്. വൈദ്യുതി, വെള്ളം സൗകര്യങ്ങളൊക്കെയുള്ള മറ്റു ശല്യങ്ങളൊന്നുമില്ലാത്ത ശാന്തമായ സ്ഥലമാണെന്നും ജോസഫ് പറഞ്ഞു. മക്കളുടെ വീതമൊക്കെ നല്‍കി കഴിഞ്ഞതാണ്. അവര്‍ പഴയന്നൂരിലാണ് താമസം. തന്‍റെ പേരിലുള്ള സ്ഥലത്തില്‍ ഒരു ഭാഗമാണ് നല്‍കാൻ തീരുമാനിച്ചതെന്നും ജോസഫ് പറഞ്ഞു.
വയനാട്ടിൽ ജീവൻ നഷ്ടമായവർക്കും ദുരിതബാധിതർക്കുമായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ