സിപിഎം പ്രാദേശിക നേതാവ് ബിജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. സംഘം ചേർന്ന് കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ കയ്യേറ്റം ചെയ്തത്.
കൊച്ചി: തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെ കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. സിപിഎം പ്രാദേശിക നേതാവ് ബിജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. സംഘം ചേർന്ന് കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ കയ്യേറ്റം ചെയ്തത്.
കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങ് സെന്റ് മേരീസ് ചർച്ച് ബൂത്തിൽ ഇന്നലെയായിരുന്നു സംഭവം. ക്യാമറമാൻ കൃഷ്ണ കുമാറിനെ മർദിച്ച സംഘം ക്യാമറ തകർത്തു. റിപ്പോർട്ടർ അശ്വിൻ വല്ലത്തിന് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. മറ്റു മാധ്യമ പ്രവർത്തകരെയും സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വോട്ട് ചെയ്തു പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സാബു എം ജേക്കബിനെതിരെയും ഈ സംഘത്തിന്റെ പ്രതിഷേധം ഉണ്ടായിരുന്നു. ഇത് റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു കയ്യേറ്റം.
ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പ്രവർത്തകരെത്തി മാധ്യമപ്രവർത്തകരെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. ബൂത്തിനടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധവുമായി ഇവര്‍ എത്തിയത്. ട്വന്‍റി-ട്വന്‍റിക്കെതിരെ എൽഡിഎഫ്-യുഡിഎഫ് സഖ്യമാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പോലും മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സാബു എം ജേക്കബ് ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് വളരെ മോശം ഭാഷയിൽ പ്രതിഷേധക്കാര്‍ പ്രതികരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
എന്നാൽ, കിഴക്കമ്പലത്തെ മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. സാബു എം ജേക്കബ് ഏകാധിപതിയാണ്. ഇത്തവണ ട്വന്‍റി20 ക്ക് ജനങ്ങൾ വലിയ തിരിച്ചടി നൽകും. ഈ പ്രദേശങ്ങളിൽ യുഡിഎഫിന് മുൻകാലങ്ങളേക്കാള്‍ മെച്ചപ്പെട്ട മുന്നേറ്റം ഇത്തവണ ഉണ്ടാകുമെന്നും ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി.



