തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ 2017ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരത്തിന് പ്രമുഖ മാധ്യമപ്രവർത്തകനും പത്രാധിപരും ഗ്രന്ഥകർത്താവുമായ ടിജെഎസ് ജോർജ് അർഹനായി. മാധ്യമപ്രവർത്തകർക്ക് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ പുരസ്‌കാരമാണിത്. ജൂലൈ ഒന്നിന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശിൽപവുമാണ് പുരസ്‌കാരം. ഡോ സെബാസ്റ്റ്യൻ പോൾ അധ്യക്ഷനും പാർവതി ദേവി, എൻ പി രാജേന്ദ്രൻ എന്നിവർ അംഗങ്ങളും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കൺവീനറുമായ കമ്മിറ്റിയാണ് ടിജെഎസ് ജോർജിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 

മജിസ്ട്രേറ്റായിരുന്ന ടിടി ജേക്കബിന്‍റെയും ചാച്ചിയാമ്മ ജേക്കബിന്‍റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടിജെഎസ് ജോർജിന്‍റെ ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവർത്തനം നടത്തിയ വ്യക്തിയാണ് ടിജെഎസ് ജോർജ്. 1950ൽ ബോംബെയിലെ ഫ്രീ പ്രസ് ജേർണലിലാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. 

ഇന്‍റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ എന്നിവയിൽ മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ചു. സ്വതന്ത്ര ഭാരതത്തിൽ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതിന്‍റെ പേരിൽ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ്  ടിജെഎസ്. പട്നയിൽ സെർച്ച്‍ലൈറ്റ് പത്രത്തിന്‍റെ പത്രാധിപരായിരുന്നപ്പോഴാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോനാണ് അദ്ദേഹത്തിന്‍റെ കേസ് വാദിക്കാൻ അന്ന് പട്നയിലെത്തിയത്.

വി കെ കൃഷ്ണമേനോൻ, എം എസ് സുബ്ബലക്ഷ്മി, നർഗീസ്, പോത്തൻ ജോസഫ്, ലീ ക്വാൻ യ്യൂ തുടങ്ങിയ മഹാൻമാരുടെ ജീവചരിത്രങ്ങളും സ്വന്തം ഓർമക്കുറിപ്പുകളായ ഘോഷയാത്രയും ഉൾപ്പെടെ  ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പത്മഭൂഷൺ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുമുണ്ട്. 

2019 മെയ് ഏഴിന് 91 വയസ് പിന്നിട്ട ടിജെഎസ് ജോർജ് ഇപ്പോഴും സമകാലിക മലയാളം ഉൾപ്പെടുന്ന ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്‍റെ എഡിറ്റോറിയൽ ഉപദേശക പദവി വഹിക്കുന്നു. പോയിന്‍റ് ഓഫ് വ്യൂ എന്ന പംക്തിയിൽ ജനാധിപത്യത്തിനും മതനിരപക്ഷേതയ്ക്കും രാഷ്ട്രീയ സാമൂഹ്യ സദാചാരങ്ങൾക്കും എതിരായ നീക്കങ്ങളെ ശക്തമായി ചോദ്യം ചെയ്യുന്നു.