കോഴിക്കോട്: കരിപ്പൂർ വിമാന അപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടും.

ഇവിടെ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അടക്കമുള്ളവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്ഥലത്തെത്തിയ രണ്ട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും രോഗം കണ്ടെത്തി. കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിൽ വന്ന മുഖ്യമന്ത്രി പിണറായി. മന്ത്രി ഇ പി ജയരാജൻ . കെ കെ ശൈലജ. എ കെ ശശീന്ദ്രൻ, എ സി മൊയ്തീൻ,വി എസ് സുനിൽകുമാർ , കടന്നപ്പള്ളി രാമചന്ദ്രൻ, ഡോ കെ ടി ജലീൽ എന്നീ മന്ത്രിമാരും സ്പീക്കർ ശ്രീരാമ കൃഷ്ണനും നിരീക്ഷണത്തിൽ പ്രവേശിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തിൽ ഉണ്ടായിരുന്നു. എന്നാൽ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ ഗവര്‍ണര്‍ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം ഇല്ലെന്നാണ് രാജ്ഭവൻ അറിയിച്ചത്.