ബെയ്ലിൻ ദാസിനെ ഇന്ന് മുതൽ പ്രാക്റ്റീസ് ചെയ്യുന്നത് ബാർ കൗൺസിൽ വിലക്കി. അച്ചടക്കനടപടി കഴിയുന്നതുവരെയാണ് വിലക്ക്. ബെയ്ലിൻ കാരണം കാണിക്കൽ ദാസിന് നോട്ടീസ് നൽകുമെന്നും ബാർ കൗൺസിൽ അറിയിച്ചു.
തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസിനെതിരെ ബാർ കൗൺസിൽ നടപടി. അഡ്വ. ബെയ്ലിൻ ദാസിനെ ഇന്ന് മുതൽ പ്രാക്റ്റീസ് ചെയ്യുന്നത് ബാർ കൗൺസിൽ വിലക്കി. അച്ചടക്കനടപടി കഴിയുന്നതുവരെയാണ് വിലക്ക്. ബെയ്ലിൻ കാരണം കാണിക്കൽ ദാസിന് നോട്ടീസ് നൽകുമെന്നും ബാർ കൗൺസിൽ അറിയിച്ചു. അച്ചടക്ക കമ്മിറ്റി തീരുമാനം അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും. ബാർ കൗൺസിൽ ഭാരവാഹികൾ അഭിഭാഷകനെ സഹായിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നടന്നത് അസാധാരണ സംഭവമാണെന്നും ബാർ കൗൺസിൽ ചെയർമാൻ ടി എസ് അജിത്ത് പ്രതികരിച്ചു.
അഭിഭാഷകയായ ശാമിലിയെ ബെയ്ലിൻ ദാസ് അതിക്രൂരമായി ആക്രമിച്ചിട്ട് 24 മണിക്കൂർ പിന്നിടുമ്പോഴും പ്രതി ഒളിവിലാണ്. മർദ്ദനത്തിൽ കവിളെല്ലിനും കണ്ണിനും ഗുരുതരപരുക്കുള്ള ശമാലി ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. തന്നെ മർദ്ദിച്ച പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത് ബാർ അസോസിയേഷൻ സെക്രട്ടറിയാണെന്നും അഭിഭാഷകന്‍റെ ഓഫീസിൽ കയറി പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ആകില്ലെന്ന് പറഞ്ഞ് പൊലീസിനെ മടക്കിയെന്നുമുള്ള ആരോപണം ആവർത്തിക്കുന്നു. ഗർഭിണിയായിരിക്കെ വക്കീൽ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയിലൻ ദാസ് മർദ്ദിച്ചിരുന്നുവെന്നും അഭിഭാഷക പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി ബാർ കൗൺസിലിനും, ബാർ സോസിയേഷനും ശാമിലി നേരിട്ടെത്തി ഇന്ന് പരാതി നൽകിയിരുന്നു.
വിഷയം അതീവ ഗൗരവമുള്ളതാണെന്നാണ് ബാർ കൗൺസിൽ നിലപാട്. സംഭവത്തിന് പിന്നാലെ മുങ്ങിയ പ്രതി ബെയ്ലിൻ ദാസ് ഒളിവിലാണെന്നാണ് വഞ്ചിയൂർ പൊലീസ് പറയുന്നത്. ഉച്ചയോടെ തെളിവ് ശേഖരത്തിനായി അഭിഭാഷകയുമായി പൊലീസ് വഞ്ചിയൂരിലെ ഓഫീസിലെത്തി തെളിവ് ശേഖരിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ പ്രതി പൂന്തുറയിലെ ആശുപത്രിയിലെത്തി ചികിത്സ തേടിയെന്നാണ് വിവരം. അതേസമയം, കേസിൽ മുൻകൂർ ജാമ്യത്തിനും ബെയ്ലിൻ ദാസ് നീക്കം തുടങ്ങി.


