ആറ്റിങ്ങൽ കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ മേലാറ്റിങ്ങൽ ഉദിയറ കുളിക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.കല്ലൂര്‍ക്കോണം ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ നിഖിൽ, ഗോകുൽ എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം നദിയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ മേലാറ്റിങ്ങൽ ഉദിയറ കുളിക്കടവിലാണ് സംഭവം. കല്ലൂര്‍ക്കോണം ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ നിഖിൽ, ഗോകുൽ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് നാലുപേര്‍ ഒന്നിച്ച് നദിയിൽ കുളിക്കാനിറങ്ങിയത്. കുറച്ചു കഴിഞ്ഞ രണ്ടു വിദ്യാര്‍ത്ഥികള്‍ ഓടിവന്ന് മറ്റു രണ്ടുപേരെ കാണാനില്ലെന്ന് നാട്ടുകാരോട് വിളിച്ചു പറയുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തിയെങ്കിലും വിദ്യാര്‍ത്ഥികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തിയാണ് കുട്ടികളെ കണ്ടെത്തിയത്. രണ്ടുപേരെയും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.



