തിരുവനന്തപുരം: ക്രിമിനലുകളെ നിയന്ത്രിക്കാൻ ശക്തമായ ഇടപെടൽ വേണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷന്റെ ശുപാർശ. എഫ്ഐആർ പൂർണമായും ഇലക്ട്രോണിക് സംവിധാനത്തിലാക്കണം എന്നും ഇതിനായുള്ള നിയമം നിലവിൽ വന്ന് പത്ത് വർഷമായിട്ടും ചട്ടം രൂപീകരിച്ചിട്ടില്ലെന്നും ശുപാർശയിൽ പറയുന്നു. നിരവധി നിർദ്ദേശങ്ങളാണ് കമ്മീഷന്റെ ശുപാർശയിലുള്ളത്.

വിരൽ അടയാള പരിശോധനാ ബ്യൂറോ ആധുനിക വത്കരിക്കണം. മൊബൈൽ ഫൊറൻസിക് ലാബുകൾ എല്ലാ ജില്ലകളിലും വേണം. കേസ് ഡയറികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യണം. അന്വേഷണം പൂർത്തിയാകാത്ത 16 ലക്ഷം കേസുകളുണ്ട്. കെട്ടികിടക്കുന്ന കേസുകൾ പൂർത്തിയാക്കാൻ പ്രത്യേക സംവിധാനം വേണം. കേരളത്തിൽ പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്നത് എട്ടര ലക്ഷം കേസുകളാണ്. ഇവ തെളിയിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ കേരളത്തിലില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജയിൽ ചാടുന്ന തടവുകാരെ പ്രത്യേകം പാർപ്പിക്കണമെന്നും ഇത്തരം തടവുകാരിൽ ലൊക്കേഷൻ മാർക്കർ ഘടിപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. വിചാരണക്കല്ലാതെ പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകരുത്, മുഴുവൻ ജയിലുകളിലും സിസിടിവി ഘടിപ്പിക്കണം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ക്രമസമാധാനവും അന്വേഷണവും രണ്ടായി തിരിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.

അഴിമതിക്കാരും കാര്യശേഷിയുമില്ലാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടണം. ഗുണ്ട ആക്ടിൽ ഉത്തരവിടാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് അധികാരം നൽകണം. കുറ്റവാളികളെ നിയന്ത്രിക്കാൻ ശക്തമായ നിയമം വേണം. ഇതിനായി ഗുണ്ട നിയമം ഭേദഗതി ചെയ്യണം. ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കാൻ കർണാടക, മഹാരാഷ്ട്ര മാതൃകയിൽ നിയമ നിർമ്മാണം വേണം. തടവുകാരെ വിട്ടയക്കുന്നത് ശുപാർശ ചെയ്യാൻ സംസ്ഥാന തലത്തിൽ സമിതി വേണമെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജി ചെയർമാനാകണമെന്നും ശുപാർശയിലുണ്ട്.