Asianet News MalayalamAsianet News Malayalam

IAF Helicopter Crash : ധീരസൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, സംസ്കാരം വൈകീട്ട്

വൈകിട്ടോടെ  സംസ്കാര ചടങ്ങുകൾ നടക്കും. കേന്ദ്ര സഹമന്ത്രി മുരളീധരൻ, സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജൻ എന്നിവർ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും

JWO pradeep body would be brought back home cremation fixed at evening
Author
Thrissur, First Published Dec 11, 2021, 6:36 AM IST

തൃശ്ശൂർ: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ ( Helicopter Crash )  കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപ് കുമാറിന്‍റെ (Pradeep Kumar)  മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. രാവിലെ ഏഴിന് ദില്ലിയിൽ നിന്ന് ഭൗതിക ശരീരം കോയമ്പത്തൂരിലേക്ക് പുറപ്പെടും. രാവിലെ 11 മണിയോടെ കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിൽ എത്തിക്കും. ഉച്ചയോടെ ജന്മനാടായ തൃശൂർ പൊന്നൂക്കരയിലേക്ക് പുറപ്പെടും. 

പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിൽ പൊതുദർശനം നടക്കും. വൈകിട്ടോടെ  സംസ്കാര ചടങ്ങുകൾ നടക്കും. കേന്ദ്ര സഹമന്ത്രി മുരളീധരൻ, സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജൻ എന്നിവർ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കോയമ്പത്തൂരിൽ നിന്നും പ്രദീപിന്‍റെ ഭാര്യ ലക്ഷ്‌മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടിൽ എത്തിയിരുന്നു. 

പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടിൽ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം പ്രദീപ് കാത്തുസൂക്ഷിച്ചിരുന്നു. നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. രോഗിയായ അച്ഛൻ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടിൽ ഉള്ളത്.

തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു പ്രദീപ്. പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുത്തു. പ്രദീപിന്റെ നേതൃത്വത്തില്‍ നിരവധി പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.

Follow Us:
Download App:
  • android
  • ios