ഗണേഷ്കുമാർ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ല. അത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നു.

പാലക്കാട് : കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. പണിമുടക്കിനെതിരായ ഗണേഷ് കുമാറിൻ്റെ പ്രസ്താവന ഇടതുസമീപനമല്ലെന്നും സമരം ചെയ്യുന്നവരെ വില കുറച്ചുകാണാനാണ് പ്രസ്താവനയിലുടെ സാഹചര്യമൊരുക്കിയതെന്നും ബാലൻ തുറന്നടിച്ചു. 

‘ഗണേഷ്കുമാർ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ല. അത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നു. സമരം ചെയ്യരുതെന്ന് പറയുന്നത് ശരിയല്ല. ഡയസ്നോൺ പ്രഖ്യാപിക്കുന്നത് സർക്കറാണ്’. സമരം ചെയ്ത ദിവസത്തെ ശമ്പളം വേണമെന്ന് തൊഴിലാളികൾ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു.

ഒരു യൂണിയനും പണിമുടക്കിന് നോട്ടീസ് നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പ്രസ്താവന. വിവാദമായതോടെ കെഎസ്ആര്‍ടിസിയിലെ സിഐടിയു, എഐടിയുസി യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. പണിമുടക്കിന് കെഎസ്ആര്‍ടിസി എംഡിക്ക് കഴിഞ്ഞ മാസം 25 ന് നൽകിയ നോട്ടീസ് ഇരു യൂണിയനുകളും പുറത്തുവിട്ടു. ഗതാഗത, തൊഴിൽ മന്ത്രിമാര്‍ക്ക് പകര്‍പ്പ് വച്ചായിരുന്നു സിഐടിയുവിന് കീഴിലെ കെഎസ്ആര്‍ടിസി നോട്ടീസ് നൽകിയിരുന്നത്. 

YouTube video player