Asianet News MalayalamAsianet News Malayalam

ഓൺ ആകാതെ കെ ഫോൺ: കണക്ഷന് ടെണ്ട‍ർ കൊടുത്തിട്ടും തുട‍ര്‍നടപടികളില്ല,സൗജന്യ കണക്ഷൻ വേണ്ടവരുടെ പട്ടികയുമില്ല

50 ലക്ഷം രൂപ വൈദ്യുതി ചാര്‍ജ്ജ് അടക്കം പ്രതിമാസം നാല് കോടിയോളം രൂപ പ്രവര്‍ത്തന ചെലവ് ഇപ്പോൾ തന്നെ കെ ഫോണിന് ഉണ്ട്

K Fone: Despite tendering the connection, no follow-up action, no list of those who need free connection
Author
First Published Sep 18, 2022, 5:36 AM IST

തിരുവനന്തപുരം : പതിനാലായിരം കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനുള്ള നടപടികളുമായി കെ ഫോൺ മുന്നോട്ട് നീങ്ങുമ്പോഴും തടസം സര്‍ക്കാര്‍ നടപടികളിലെ അവ്യക്തത ആണ് . കണക്ഷൻ നൽകാൻ കേരളവിഷന് ടെണ്ടര്‍ കിട്ടിയിട്ട് മാസങ്ങളായിട്ടും തുടര്‍ നടപടികളെ കുറിച്ച് കരാര്‍ ഉണ്ടാക്കിയിട്ടില്ല. ആവശ്യപ്പെട്ട് നാല് മാസം ആയിട്ടും സൗജന്യ കണക്ഷൻ അനുവദിക്കേണ്ടവരുടെ ലിസ്റ്റും കെ ഫോണിന് കിട്ടിയിട്ടില്ല.

20 ലക്ഷം പേര്‍ക്ക് സൗജന്യ കണക്ഷൻ, മറ്റുള്ളവര്‍ക്ക് ചെറിയ തുകയ്ക്ക് ഇന്റര്‍നെറ്റ്, സര്‍ക്കാര്‍ ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും ആശുപത്രികളിലേക്കുമെല്ലാം കണക്റ്റിവിറ്റി. സര്‍ക്കാര്‍ പ്രഖ്യാപനം വലുതാണെങ്കിലും പദ്ധതി അനിശ്ചിതമായി വൈകുന്ന അവസ്ഥയിൽ ആദ്യഘട്ടമെന്ന നിലയിൽ 14 ആയിരം കുടുംബങ്ങളിലേക്കെങ്കിലും കണക്ഷനെത്തിക്കാനാകുമോ എന്നാണ് കെ ഫോൺ അന്വേഷിക്കുന്നത്. 

കണക്റ്റിവിറ്റിക്ക് ടെണ്ടര്‍ വിളിച്ചപ്പോൾ കുറഞ്ഞ തുക ക്വാട്ട് ചെയ്ത് അതുറപ്പിച്ചത് കേരളാ വിഷനാണ്. ടെണ്ടര്‍ കിട്ടി നാല് മാസം പിന്നിട്ടിട്ടും തുടര്‍ നടപടി ഒന്നുമായില്ല. കണക്ടാകാതെ കെ ഫോൺ എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരക്ക് പിന്നാലെ കണക്ഷൻ നടപടികളുമായി മുന്നോട്ട് പോകാൻ കേരളാ വിഷനെ കെ ഫോൺ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ കരാറെഴുതാനോ പ്രവര്‍ത്തന മാനദണ്ഡം തീരുമാനിക്കാനോ തയ്യാറായിട്ടില്ല. 

ഒരുമാസം 124 രൂപ നിരക്കിൽ വര്‍ഷം നൽകേണ്ട 2.08 കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുമില്ല. സൗജന്യ കണക്ഷൻ ആദ്യഘട്ടത്തിൽ നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ തദ്ദേശഭരണ വകുപ്പിനെ ഏൽപ്പിച്ചിട്ടും മാസങ്ങളായി. ലിസ്റ്റ് തയ്യാറായില്ലെന്ന് മാത്രമല്ല ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മാനദണ്ഡത്തിൽ പോലും ആശയക്കുഴപ്പം തുടരുകയാണ്. 

50 ലക്ഷം രൂപ വൈദ്യുതി ചാര്‍ജ്ജ് അടക്കം പ്രതിമാസം നാല് കോടിയോളം രൂപ പ്രവര്‍ത്തന ചെലവ് ഇപ്പോൾ തന്നെ കെ ഫോണിന് ഉണ്ട്. കേബിളിലെ അറ്റകുറ്റപ്പണികൾക്കായി വര്‍ഷം കണ്ടെത്തേണ്ട 80 കോടി അടക്കം പദ്ധതി ലാഭകരമായി നടപ്പാക്കാനുള്ള ഒരു നിര്‍ദ്ദേശത്തിനും സര്‍ക്കാര്‍ ഇതുവരെ നയപരമായ തീരുമാനം അറിയിച്ചിട്ടില്ല

ഇഴയുന്ന കെ ഫോണ്‍: പിന്നില്‍ സര്‍ക്കാരിന്‍റെ അലംഭാവം, സേവനദാതാവിനെ കണ്ടെത്തിയിട്ടും തുടര്‍നടപടി പ്രതിസന്ധിയില്‍

Follow Us:
Download App:
  • android
  • ios