അച്യുതാനന്ദന്‍റെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ കെ എം ഷാജഹാന്റെ വീട്ടിൽ റെയ്ഡ് നടത്തുകയാണ് എറണാകുളം റൂറൽ സൈബർ ടീം. പറവൂർ പൊലീസും ഒപ്പമുണ്ട്.

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം വേഗത്തിലാക്കി പൊലീസ്. അച്യുതാനന്ദന്‍റെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ കെ എം ഷാജഹാന്റെ വീട്ടിൽ റെയ്ഡ് നടത്തുകയാണ് എറണാകുളം റൂറൽ സൈബർ ടീം. പറവൂർ പൊലീസും ഒപ്പമുണ്ട്. യൂട്യൂബ് ചാനലിലൂടെ ഷൈനെയും വി എൻ ഉണ്ണികൃഷ്ണൻ എംഎല്‍എയും അധിക്ഷേപ്പിച്ച് വീഡിയോ ഇട്ടു എന്നായിരുന്നു കെ ജെ ഷൈനിന്‍റെ പരാതി. നേരത്തെ, കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്. യുട്യൂബർ കൊണ്ടോട്ടി അബുവിനെക്കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ ഒന്നാം പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവ് സി കെ ഗോപാലകൃഷ്ണൻ ഒളിവിലാണ്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പറവൂരിലെ വീട്ടിലാണ് ചെന്നെത്തിയത്. പരിശോധന നടത്തിയ അന്വേഷണ സംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തു. അധിക്ഷേപ പരാമർശമുള്ള പോസ്റ്റ് ഇട്ടത് ഈ ഫോണിൽ നിന്നുതന്നെയാണോയെന്ന് പരിശോധിക്കാൻ സൈബർ ഫോറൻസിക് സംഘത്തിന് കൈമാറും. നാളെ ആലുവ സൈബർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്. ഗോപാലകൃഷ്ണനും കെ എം ഷാജഹാനും പുറമേ കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കുന്ന നടപടികളിലേക്കും കടക്കുകയാണ് അന്വേഷണസംഘം. കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉടമ യാസറിനെ മൂന്നാം പ്രതിയാക്കി കേസെടുത്തു. സൈബർ ആക്രമണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നൂറിലധികം പ്രൊഫൈലുകൾ പരിശോധിച്ചു. ഷാജഹാന്‍റെയും ഗോപാലകൃഷ്ണന്‍റെയും പോസ്റ്റുകളിൽ കമന്‍റിട്ടവരെ ആലുവ സൈബർ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ട്.