കെ ജെ ഷൈനുമായി ബന്ധപ്പെട്ട വാര്‍ത്ത എങ്ങനെ പുറത്തുപോയെന്നത് സിപിഎം അന്വേഷിക്കട്ടെയെന്ന് വി ഡി സതീശൻ. സിപിഎം- കോൺഗ്രസ് സംഘർഷത്തിന്റെ ഭാഗമായി കോൺഗ്രസ് ഹാൻഡിലുകളിലും ഇതുസംബന്ധിച്ച വാർത്തകൾ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തിനാണ് ഏതൊരു പ്രശ്നം വന്നാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്നും ഈ പ്രശ്നത്തിൽ ആദ്യം സിപിഎം അന്വേഷിക്കട്ടെയെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസുകാർക്കെതിരെ വ്യാപകമായ പ്രചരണം സിപിഎം ഹാൻഡിലുകൾ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവം കോൺഗ്രസ് ഹാൻഡിലുകളിലും ഉണ്ടായേക്കും. സിപിഎം ഹാൻഡിലുകൾ ഒരു മാന്യതയും കഴിഞ്ഞ ഒരു മാസക്കാലമായി കാണിച്ചിട്ടില്ലല്ലോ? ഇപ്പോൾ നിലനിൽക്കുന്ന സിപിഎം- കോൺഗ്രസ് സംഘർഷത്തിന്റെ ഭാഗമായി കോൺഗ്രസ് ഹാൻഡിലുകളിലും ഇതുസംബന്ധിച്ച വാർത്തകൾ ഉണ്ടായേക്കാം. പക്ഷേ അതൊന്നും തന്റെ തലയിൽ കൊണ്ടിടാൻ ശ്രമിക്കണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
സ്ത്രീ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വിഷയങ്ങൾ കോൺഗ്രസിന് മുന്നിലെത്തിയപ്പോൾ കൃത്യമായ നടപടിയെടുത്തത്. കെ ജെ ഷൈനുമായി ബന്ധപ്പെട്ട വാർത്ത എങ്ങനെയാണ് പുറത്ത് പോയതെന്ന ഉണ്ണികൃഷ്ണൻ എംഎൽഎയുടെ പ്രസ്താവനയിലുണ്ട്. ഇക്കാര്യം സിപിഎം ആണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കെ ജെ ഷൈൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്
തനിക്കുണ്ടായ സൈബർ ആക്രമണം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണെന്നും ഒരു ബോംബ് വരുന്നുണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നെന്നും സിപിഎം നേതാവ് കെ ജെ ഷൈൻ. സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും കെ ജെ ഷൈൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസിന്റെ നിസ്സഹായാവസ്ഥയാണെന്നും അവർ പറഞ്ഞു.



