തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി പ്രത്യേക ആരോഗ്യ-കൗണ്‍സലിംഗ് സംഘത്തെ സജ്ജമാക്കുമെന്ന്  ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍, കൗണ്‍സലര്‍മാര്‍ എന്നിവര്‍ക്ക് പുറമെ ഈ രംഗത്തെ പ്രഫഷണലുകള്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

വീട് നഷ്ടപ്പെട്ടതിലും, വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടതിലും, രേഖകൾ നഷ്ടപ്പെട്ടതിലുമുള്ള സങ്കടമാണ് ക്യാമ്പിലുള്ളവര്‍ പ്രകടിപ്പിച്ചത്. ചിലര്‍ മാനസിക സംഘര്‍ത്തിലാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഇവര്‍ക്ക് പ്രത്യേക സംഘത്തിന്‍റെ സേവനം സഹായകരമാവുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം


മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുമ്പോൾ തങ്ങളുടെ വീട് നഷ്ടപ്പെട്ടതിലും, വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടതിലും, രേഖകൾ നഷ്ടപ്പെട്ടതിലുമുള്ള സങ്കടമാണ് എല്ലാവരും പങ്കുവെച്ചത്. ചിലർ മാനസിക സംഘർഷത്തിലാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

പ്രളയ ദുരിതം നേരിട്ട് സ്വന്തം വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് ഉണ്ടാകാനിടയുള്ള മാനസിക സംഘര്‍ഷങ്ങള്‍ പരിഗണിച്ച് ഇത്തരം ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി പ്രത്യേക ആരോഗ്യ-കൗണ്‍സലിംഗ് സംഘത്തെ സജ്ജമാക്കും. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍, കൗണ്‍സലര്‍മാര്‍ എന്നിവര്‍ക്ക് പുറമെ ഈ രംഗത്തെ പ്രഫഷണലുകള്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ടെലി കൗണ്‍സലിംഗ് സംവിധാനവും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ക്രമീകരണം ഉണ്ടാക്കും.

കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ 24 മണിക്കൂര്‍ സേവനവും ലഭ്യമാണ്. കണ്ണൂര്‍ പള്ളിപ്രത്ത് പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക്കിന് കീഴില്‍ 25 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും സേവന സന്നദ്ധരായുണ്ടാകും. സേവനം ആവശ്യമുള്ളവര്‍ 18004250717 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.