കസ്റ്റഡി പീഡനങ്ങളും മൂന്നാം മുറയും ഇടത് സർക്കാരിന്‍റെ നയമല്ലെന്നും ശിവരാമൻ 

ഇടുക്കി: ഇടുക്കി എസ്പിയെ തല്‍സ്ഥാനത്ത് നിര്‍ത്തിയുള്ള ഒരു അന്വേഷണവും അംഗീകരിക്കില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. എസ് പി കെ ബി വേണുഗോപാലിനെ സര്‍വ്വീസില്‍ നിന്ന് അടിയന്തരമായി സസ്പെന്‍റ് ചെയ്യണം. ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്യുന്നെങ്കിലും എസ്പിയെ സസ്പെന്‍റ് ചെയ്യാതെയുള്ള അന്വേഷണം അംഗീകരിക്കില്ലെന്നാണ് കെ കെ ശിവരാമന്‍ പറഞ്ഞത്. കസ്റ്റഡി പീഡനങ്ങളും മൂന്നാം മുറയും ഇടത് സർക്കാരിന്‍റെ നയമല്ലെന്നും ശിവരാമൻ പറഞ്ഞു.

എസ്‍പിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയാലേ അന്വേഷണം പൂര്‍ത്തിയാകു എന്നും അതിന് മുഖ്യമന്ത്രി തയ്യാറാകണമെന്നും രാജ്‍കുമാറിന്‍റെ ഭാര്യാസഹോദരനും ആവശ്യപ്പെട്ടിരുന്നു. പകരം ചുമതല നല്‍കാതെ എസ് പി കെ ബി വേണുഗോപാലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഇന്നലെ ഡിജിപി തീരുമാനിച്ചിരുന്നു. എസ്പിക്കെതിരെ ഇന്നുതന്നെ നടപടിയുണ്ടാകുമെന്നാണ് സൂചന.