യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്ന എകെ ബാലൻ്റെ പ്രസ്താവന അപകടകരമാണെന്ന് വിഡി സതീശൻ. ബാലന്റേത് വർഗീയ പ്രസ്താവനയാണെന്നും സിപിഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശൻ.
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എകെ ബാലന്‍റെ ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള പ്രസ്താവനയെ സിപിഎം അനുകൂലിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കും എന്ന പ്രസ്താവന അപകടകരമാണെന്ന് വിഡി സതീശൻ പറഞ്ഞു. ബാലന്റേത് വർഗീയ പ്രസ്താവനയാണ്. സിപിഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
സ്വർണ്ണക്കൊള്ള കേസിൽ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. എന്ത് കൊണ്ട് പദ്മകുമാറിനെ സിപിഎം പുറത്താക്കുന്നില്ല. എകെജി സെന്ററിൽ ഇരുന്ന് ഒരാൾ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ്. 10 കാർഡ് ഒരു ദിവസം തനിക്കെതിരെ ഇറക്കുന്നു. ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു ഒറിജിനൽ കാർഡ് വരുമെന്നും സതീശൻ പറഞ്ഞു.
എകെ ബാലന്‍റെ പ്രസ്താവനക്കെതിരെ നിയമനടപടിയെന്ന് ജമാഅത്തെ ഇസ്ലാമി
എകെ ബാലന്‍റെ വിവാദ പ്രസ്താവനക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം അറിയിച്ചു. യുഡിഎഫ് വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയെന്ന ബാലന്റെ പ്രസ്താവനക്കെതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. ബാലന്‍റെ ഈ പ്രസ്താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി സിപിഎം നടത്തുന്ന വർഗീയ അജണ്ടയുടെ ഭാഗമാണിതെന്നും ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം വലിയ രീതിയിൽ പ്രചരിപ്പിച്ച 'അമീർ-ഹസൻ-കുഞ്ഞാലിക്കുട്ടി' സഖ്യം എന്ന വർഗീയ തിയറിയുടെ തുടർച്ചയാണിതെന്നും ജമാഅത്തെ ഇസ്‌ലാമി വിമർശിച്ചു.
ഭൂരിപക്ഷ സമുദായത്തിനിടയിൽ ഇസ്‌ലാം ഭീതിയും (ഇസ്ലാമോഫോബിയ) മുസ്‌ലിം വെറിയും സൃഷ്ടിച്ച് വോട്ട് തട്ടാനുള്ള അപകടകരമായ തന്ത്രമാണ് സിപിഎം പരീക്ഷിക്കുന്നത്. രാഷ്ട്രീയമായ വിയോജിപ്പുകൾക്ക് പകരം വംശീയമായ അധിക്ഷേപങ്ങളാണ് ഭരണകക്ഷിയിൽ നിന്നുണ്ടാകുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി കുറ്റപ്പെടുത്തി. സമൂഹത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കി അധികാരം നിലനിർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും ജമാഅത്തെ ഇസ്‌ലാമി നേതൃത്വം അറിയിച്ചു. സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവനകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു.



