കാനഡയിലെ പഠനത്തിന് പണം കണ്ടെത്താൻ സമീപിച്ച മൂന്ന് ബാങ്കുകളും കെ റെയില്‍ കുറ്റിയുടെ പേരിലാണ് എറണാകുളം നടുവന്നൂരിലെ അൻവിന് വായ്പ നിഷേധിച്ചത്.

കൊച്ചി: സില്‍വര്‍ ലൈൻ പദ്ധതിക്ക് കുറ്റിയടിച്ച സ്ഥലത്തിന് ബാങ്ക് വായ്പ്പ നിഷേധിക്കപെട്ടതോടെ എറണാകുളം നടുവന്നൂരിലെ അൻവിന്‍റെ വിദേശ പഠനമെന്ന ആഗ്രഹം മുടങ്ങി. കാനഡയിലെ പഠനത്തിന് പണം കണ്ടെത്താൻ സമീപിച്ച മൂന്ന് ബാങ്കുകളും കെ റെയില്‍ കുറ്റിയുടെ പേരിലാണ് അൻവിന് വായ്പ നിഷേധിച്ചത്.

സില്‍വര്‍ ലൈൻ പദ്ധതിക്ക് കുറ്റിയടിച്ച ശേഷം സാമ്പത്തിക അത്യാവശ്യത്തിന് ബാങ്ക് വായ്പയെടുക്കാൻ ശ്രമിക്കുന്ന എല്ലാവരുടേയും ഗതികേടാണിത്. കെ റെയില്‍ കുറ്റിയടിച്ച ഭൂമിയുടെ ഈടില്‍ വായ്പ്പ നല്‍കാനാവില്ലെന്നാണ് എസ്ബിഐ നിലപാട്. ജപ്തി ചെയ്യാവുന്ന ഭൂമിയുടെ ഈടില്‍ മാത്രമേ വായ്പ അനുവദിക്കാവൂ എന്നാണ് ബാങ്ക് വ്യവസ്ഥയെന്നും എസ്ബിഐ നെടുമ്പാശ്ശേരി ശാഖാ മാനേജര്‍ വിശദീകരിച്ചു.

കോട്ടയം മാടപ്പളളിയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയതിന്‍റെ പേരില്‍ വീട്ടമ്മയുടെ പുരയിടത്തില്‍ കൃഷിയിറക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി നേരത്തെ ഉയര്‍ന്നിരുന്നു. സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പരുക്കേറ്റ റോസ്‌ലിൻ ഫിലിപ്പ് എന്ന വീട്ടമ്മയുടെ പുരയിടത്തില്‍ കൈതച്ചക്ക കൃഷി തടയാന്‍ നാട്ടുകാരില്‍ ചിലര്‍ ആസൂത്രിതമായി എതിര്‍പ്പുന്നയിച്ചെന്നാണ് ആരോപണം.

മാടപ്പളളിയിലെ കെ റെയില്‍ വിരുദ്ധ സമരത്തിന്‍റെ മുഖമാണ് റോസ്ലിൻ ഫിലിപ്പ്. സമരത്തിനിടെ റോസ്ലിനെ പൊലീസ് വലിച്ചിഴച്ചത് ഏറെ വിവാദമായിരുന്നു. പിന്നീട് സമരത്തിന്‍റെ നേതൃനിരയില്‍ റോസ്ലിൻ ഉണ്ടായിരുന്നു. മാടപ്പളളിയിലെ സമര വേദിയില്‍ നിന്ന് ഏതാണ്ട് ഒരു കിലോ മീറ്റര്‍ ദൂരം അകലെയാണ് റോസ്ലിന്റെ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുളള ഭൂമി. ഒരേക്കറോളം വിസ്തീര്‍ണമുളള ഭൂമിയില്‍ കൈതച്ചക്ക കൃഷി നടത്താനുളള നീക്കമാണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. കൈത തൈകള്‍ നട്ടെങ്കിലും നാട്ടുകാര്‍ പരാതിപ്പെട്ടതോടെ നട്ട തൈകള്‍ മുഴുവന്‍ പിഴുതു മാറ്റേണ്ടി വന്നു. കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ പ്രദേശത്തെ സര്‍ക്കാര്‍ അനുകൂലികളായ ചിലര്‍ ബോധപൂര്‍വം തന്‍റെ പുരയിടത്തില്‍ കൃഷിയിറക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് റോസ്ലിന്റെ ആരോപണം. 

പ്രശ്നത്തില്‍ പൊലീസും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാലാണ് കൈതകൃഷി തടഞ്ഞതെന്ന റോസ്ലിന്റെ ആരോപണം ശരിവയ്ക്കാന്‍ ഇരുവകുപ്പിലെയും ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. കൈതച്ചക്ക കൃഷി നടക്കുന്ന പല സ്ഥലങ്ങളിലും നാട്ടുകാരുടെ എതിര്‍പ്പ് സ്വാഭാവികമാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനിയെ കുറിച്ചടക്കം നാട്ടുകാര്‍ക്കുളള ആശങ്കയാണ് മിക്കയിടത്തും എതിര്‍പ്പിന് കാരണമാകാറുളളതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.