വീട്ടമ്മമാരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കല്ലിടൽ നിർത്തി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
കൊല്ലം: കൊല്ലം തഴുത്തലയിൽ കെ റെയിൽ സർവേ പുനരാരംഭിക്കാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. ഗ്യാസ് സിലിണ്ടർ വരെ തുറന്നു വച്ച് ജനങ്ങൾ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ഉദ്യോഗസ്ഥ നീക്കം പൊളിഞ്ഞത്. . രാവിലെ പ്രതിഷേധമുണ്ടായ തഴുത്തലയ്ക്ക് സമീപപ്രദേശത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ യുഡിഎഫ്, ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു. പിന്നീട് പി.സി.വിഷ്ണുനാഥ് എംഎൽഎ ഇവിടെ എത്തുകയും ഉദ്യോഗസ്ഥരോട് സ്ഥലത്ത് നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വീട്ടമ്മമാരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കല്ലിടൽ നിർത്തി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
വീടിന്റെ ഉമ്മറത്ത് ഗ്യാസ് സിലണ്ടർ തുറന്നു വച്ച് ചുവരിൽ ആത്മഹത്യ കുറിപ്പ് എഴുതി ഒട്ടിച്ച് തഴുത്തലയിലെ അജയകുമാറും ഭാര്യ സുധയുമാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിക്കാൻ കയറും കെട്ടി ഈ കുടുംബം. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാർ ഒന്നടങ്കം തെരുവിലിറങ്ങി. പ്രതിഷേധത്തിനു പിന്തുണയുമായി പി.സി.വിഷ്ണുനാഥ് എം എൽ എ യുടെ നേതൃത്വത്തിൽ കോൺഗ്രസുകാരെത്തി. ബി ജെ പി പ്രവർത്തകർ റോഡിൽ അടുപ്പു കൂട്ടി. കല്ലുമായെത്തിയ വാഹനത്തിൽ കയറിയും പ്രതിഷേധമുണ്ടായി.
