പൊലീസ് സുരക്ഷയില്‍ പന്ത്രണ്ടിടത്താണ് കെ റെയിലിന്‍റെ അടയാള കല്ലിട്ടത്. പൊലീസ് സുരക്ഷയില്‍ കൂടുതല്‍ സ്ഥലത്ത് കല്ലിടനാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ തീരുമാനം.

കോട്ടയം: കോട്ടയം ജില്ലയിൽ സിൽവർ ലൈൻ (Silver Line) അതിരടയാള കല്ലിടലിനെ തുടർന്ന് രണ്ടിടത്ത് പ്രതിഷേധം. നട്ടാശ്ശേരിയിൽ കെ റെയില്‍ (K Rail) സര്‍വേ പുനരാരംഭിച്ചു. പൊലീസ് സുരക്ഷയില്‍ 12 ഇടത്താണ് കെ റെയിലിന്‍റെ അടയാള കല്ലിട്ടത്. പൊലീസ് സുരക്ഷയില്‍ കൂടുതല്‍ സ്ഥലത്ത് കല്ലിടനാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ തീരുമാനം. പ്രദേശത്ത് കൂടുതല്‍ ആളുകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം. മുഴുവന്‍ കല്ലുകളും പിഴുത് മാറ്റുമെന്നാണ് സമരസമിതിയുടെ പ്രതികരണം. എല്ലാ സര്‍വ്വേ കല്ലുകളും സമരക്കാർ പിഴുത് മാറ്റി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കുഴിയാലിപ്പടിയിൽ തസഹിൽദാരെ നാട്ടുകാർ തടഞ്ഞു. കെ റെയിൽ വാഹനവും നാട്ടുകാർ തടഞ്ഞുവച്ചു.

അതിനിടെ, എറണാകുളം പിറവത്ത് കല്ലിടൽ നടന്നേക്കും എന്ന വിവരത്തെ തുടർന്ന് പ്രതിഷേധക്കാര്‍ പ്രദേശത്ത് സംഘടിച്ചു. അതേസമയം, കല്ലിടാനുള്ള തീരുമാനം റവന്യൂവകുപ്പിന്‍റേതെന്ന കെ-റെയിലിന്റെ വാദം തള്ളി റവന്യൂമന്ത്രി. റവന്യൂ വകുപ്പ് സ്ഥമേറ്റെടുക്കുന്നതിനുള്ള സർക്കാരിന്റെ ഏജൻസി മാത്രമാണെന്ന് കെ രാജൻ പ്രതികരിച്ചു. റിക്വിസിഷൻ ഏജൻസി ആവശ്യപ്പെട്ട പ്രകാരമുള്ള നടപടിയാണ് റവന്യൂ വകുപ്പ് സ്വീകരിച്ചത്. ഉത്തരവാദിത്തമില്ലാതെ ഉദ്യോഗസ്ഥ‌ർ, എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് ബന്ധപ്പെട്ടവർ മറുപടി നൽകുമെന്നും മന്ത്രി കെ രാജൻ തൃശ്ശൂരിൽ പറഞ്ഞു. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സിൽവർ ലൈൻ സർവ്വേയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് കല്ലിടൽ ഉണ്ടാകുമോ എന്നതിൽ കെ റെയിൽ വ്യക്തത വരുത്തിയിട്ടില്ല. അഥവാ കല്ലിട്ടാൽ പ്രതിഷേധം കടുപ്പിക്കാനാണ് സമര സമിതികളും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും സർവേ നടപടികൾ നിലച്ചിരിക്കുകയാണ്. കൂടുതൽ പൊലീസ് സംരക്ഷണം ഇല്ലാതെ കല്ലിടലുമായി മുന്നോട്ട് പോകാനാകില്ലെന്ന് സർവേ ഏജൻസികൾ കെ റെയിലിനെ അറിയിച്ചിട്ടുണ്ട്.

YouTube video player

അപ്രതീക്ഷിതമായി കരുത്താർജിച്ച ജനകീയ പ്രതിഷേധങ്ങൾക്കൊടുവിലാണ് തൽക്കാലത്തേങ്കിലും കെ റെയിൽ ബന്ധപ്പെട്ട സർവേ നടപടികൾ നിർത്തിവയ്ക്കപ്പെട്ടത്. എന്നാല്‍ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ആവർത്തിക്കുകയാണ് സർക്കാർ. പദ്ധതി പ്രദേശത്തെ പാവം മനുഷ്യരാകട്ടെ ഭാവി ജീവിതത്തെ ഓർത്ത് ഭീതിയോടെ കഴിയുന്നു. സർക്കാരിന്റെ അവകാശ വാദങ്ങൾക്കും ജനങ്ങളുടെ ആശങ്കകൾക്കുമിടയിലെ വസ്തുതകൾ തേടി 'കെ റെയിൽ വഴിയിലെ കേരളം' എന്ന പുതിയ വാർത്താ പരമ്പരയ്ക്ക് തുടക്കമിടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് മുതൽ.

ആറ് മാസം മുമ്പ് നമ്പര്‍ ഇലവന്‍ കേരള റെയില്‍ എന്ന വാര്‍ത്താ പരമ്പരയിലൂടെ കെ റെയിലിനെ പറ്റി ഏഷ്യാനെറ്റ് ന്യൂസ് കേരളത്തോട് പറയുമ്പോള്‍ ഈ പദ്ധതിയെ കുറിച്ചൊരു സ്വപ്ന രൂപം മാത്രമാണ് നമ്മുടെയെല്ലാം മുന്നിലുണ്ടായിരുന്നത്. പക്ഷേ ആറ് മാസത്തിനിപ്പുറം സ്വപ്നവും കടന്ന് കുറേ മനുഷ്യരുടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു നടുവില്‍ നിന്ന് ചൂളം വിളിക്കുകയാണ് കെ റെയില്‍.

മാടപ്പളളിയിലെ നാട്ടുകാരുടെ സങ്കടം നമ്മൾ കണ്ടിരുന്നു, തിരൂരിലും ചെങ്ങന്നൂരിലും വലിയ സംഘർഷമാണ് കെ റെയിൽ കല്ലിടൽ ഉണ്ടാക്കിയത്. കുടിയൊഴിയേണ്ടി വരുന്നവരുടെ വേദന കണ്ടില്ലെന്ന് നടിക്കാനാവില്ല. തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയില്‍ സ്ഥാപിച്ചിരിക്കുന്ന മഞ്ഞ കല്‍ കുറ്റികള്‍ ഭരണകൂടത്തിനും അതിന്‍റെ അനുകൂലികള്‍ക്കും ഭാവി വികസനത്തിന്‍റെ നാഴികകല്ലുകളാണെങ്കിലും സ്ഥലം വിട്ടു നൽകേണ്ടി വരുന്നവർക്ക് അത് ഇനിയുള്ള ജീവിതം എങ്ങനെയാകുമെന്ന അനിശ്ചിതത്വത്തിന്‍റെ പ്രതീകമാണ്.

നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും കുടിയിറങ്ങേണ്ടി വരുമെന്ന ഭീഷണിയില്‍ കഴിയുന്ന പതിനായിരക്കണക്കിനു മനുഷ്യര്‍ക്ക് ആ മഞ്ഞ കല്ലുകൾ അവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ പതിച്ച കരിങ്കല്‍ച്ചീളു മാത്രമാണ്.