തൃശ്ശൂർ പൂരം കലക്കിയതിൽ അന്വേഷണമില്ലെന്ന വിവരാവകാശ റിപ്പോർട്ട്, അന്വേഷിച്ച് മറുപടിയെന്ന് രാജൻ
തൃശൂർ പൂരവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ അന്വേഷണം വേണമെന്ന് സിപിഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
തൃശ്ശൂർ : തൃശ്ശൂർ പൂരത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ അന്വേഷണം വേണമെന്നത് തൃശ്ശൂരുകാരുടെ പൊതു ആവശ്യമായിരുന്നുവെന്നും സിപിഐയും ഇത് ആവശ്യപ്പെട്ടിരുന്നുവെന്നും റവന്യൂ മന്ത്രിയും സിപിഐ നേതാവുമായി കെ രാജൻ.
തൃശൂർ പൂരം അലങ്കോലമാക്കിയതിൽ അന്വേഷണം വേണമെന്ന് സിപിഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ തൃശൂർ പൂരം അലങ്കോലമായതിനെപ്പറ്റി മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ കുറിച്ച് വിവരാവകാശ നിയമം വഴി അന്വേഷിച്ച ചില മാധ്യമങ്ങൾക്ക് ഇത്തരം അന്വേഷണത്തെപ്പറ്റി ഒരു അറിവും ഇല്ലെന്ന മറുപടിയാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ചതെന്നാണ് അറിഞ്ഞത്. എന്താണ് ഇങ്ങനെ റിപ്പോർട്ട് വന്നതെന്നതെന്നതിൽ വ്യക്തതയില്ല. ഇതേക്കുറിച്ച് അന്വേഷിക്കും. അതിന് ശേഷം മറുപടി നൽകാമെന്നും രാജൻ വിശദീകരിച്ചു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് തന്നെയാണ് ആവശ്യം. തൃശ്ശൂരിന്റെ വികാരം മുഖ്യമന്ത്രിയോട് ധരിപ്പിച്ചിട്ടുണ്ടെന്നും കെ രാജൻ വ്യക്തമാക്കി.
അതേ സമയം, പൂരംകലക്കിയത് യാദൃശ്ചികമാണെന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ ആവര്‍ത്തിച്ചു. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. 4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് സർക്കാരിന്‍റെ ഭാഗത്ത് എന്തെങ്കിലും ഉണ്ടെങ്കിൽ അത് വേഗത്തിൽ ആവട്ടെയെന്ന് കരുതിയാണ്. അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല. പൊലീസ് ആസ്ഥാനത്തു നിന്ന് കൊടുത്ത മറുപടി ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്. പൂരം കലക്കിയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും സുനിൽ കുമാർ അറിയിച്ചു.
.