കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെ എസ് ശബരീനാഥൻ. ഇടതുപക്ഷത്തിനെതിരായ പൊതുവികാരമുണ്ടെന്നും, ബിജെപി ഭരിക്കുന്ന പന്തളത്തും പാലക്കാട്ടും മോശം ഭരണമാണെന്നും അദ്ദേഹം പറഞ്ഞു. 

തൃശൂർ: കേരളത്തിൽ എല്ലായിടത്തും യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെ എസ് ശബരീനാഥൻ. വിജയിക്കണം എന്ന ലക്ഷ്യം താഴെത്തട്ടിലുണ്ട്. പഴയ തെറ്റുകൾ തിരുത്തി മുന്നോട്ട് പോവുകയാണ്. ഇടതുപക്ഷത്തിനെതിരായ പൊതുവികാരം കോർപ്പറേഷനുകളിൽ അടക്കമുണ്ട്. ബിജെപി ഭരിക്കുന്ന പന്തളവും പാലക്കാടുമാണ് ഏറ്റവും മോശം ഭരണം നടക്കുന്ന മുൻസിപ്പാലിറ്റികളെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു. ഒരു എം എൽ എ യോ മുൻ എം എൽ എയോ കെപിസിസി ജനറൽ സെക്രട്ടറി എന്നതല്ല കാര്യം. വ്യക്തികൾക്കല്ല പ്രാധാന്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് തന്നെ ഒന്നാമത് എത്തും. കഴിഞ്ഞ തവണ റിബലുകൾ കാരണം തോറ്റ എത്രയോ സീറ്റുകൾ ഉണ്ടായിരുന്നു. ഇത്തവണ ആളുകൾ ആ തെറ്റുകൾ തിരുത്തി. പാർട്ടി പറഞ്ഞ കാര്യങ്ങൾ ചെയ്യുക എന്നതാണ് എന്റെ ചുമതല. പാർട്ടി തരുന്ന ഉത്തരവാദിത്വം നാടിനുവേണ്ടി വിനിയോഗിക്കുക എന്നതാണ് എന്റെ കർത്തവ്യം. കരിയർ ആയി രാഷ്ട്രീയത്തെ കാണുമ്പോഴാണ് പ്രശ്നം. ഞാനൊരു കരിയറിസ്റ്റല്ല. തിരുവനന്തപുരം കോർപ്പറേഷനിൽ മത്സരിക്കാനുള്ള തീരുമാനമെടുത്തത് ഞാനടക്കമുള്ള കമ്മിറ്റിയാണ്. മത്സരിക്കുന്നതിൽ താൻ എക്സൈറ്റഡ് ആണെന്നും കെ എസ് ശബരീനാഥൻ പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി കരുണാകരന്റെ സ്മൃതികുടീരം സന്ദർശനത്തിനിടെയാണ് കെ എസ് ശബരീനാഥന്റെ പ്രതികരണം.

ഇന്ന് ഉച്ചക്ക് 12 മണിക്ക് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനിരിക്കെയാണ് ശബരിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന് സജ്ജമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും പ്രതികരിച്ചു. മികച്ച വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. എൻഡിഎ സീറ്റ് 4 ഇരട്ടിയാക്കുമെന്ന് ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചു. 1199 സ്ഥാപനങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങളും പൂർത്തിയായി.