തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ഹാ‍ജരാക്കിയത്, മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ അറസ്റ്റ് ചെയ്തത് രാവിലെ 10.50ന്

തിരുവനന്തപുരം: വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എംഎൽഎ കെ.എസ്.ശബരീനാഥനെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ശബരിനാഥനെ ഹാജരാക്കിയത്. ശബരീനാഥനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. റിമാൻഡ് റിപ്പോർട്ടും കസ്റ്റഡി റിപ്പോ‍ർട്ടും പൊലീസ് കോടതിയിൽ ഹാജരാക്കി. 

വാട്സാപ്പ് ഉപയോഗിച്ച ഫോൺ കണ്ടെടുക്കാൻ കസ്റ്റഡി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മറ്റ് പ്രതികൾക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ ശബരീനാഥിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫർസീൻ മജീദിന് ശബരീനാഥ്‌ നിർദേശം നൽകി. നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണിൽ വിളിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ്‌ വിളിച്ചെന്നും അന്വേഷണസംഘം ഉന്നയിച്ചു. 

അതേസമയം ഫോൺ ഇപ്പോൾ തന്നെ കോടതിക്ക് കൈമാറാമെന്നായിരുന്നു ശബരീനാഥന്റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചിരുന്നെങ്കിൽ ഫോൺ അപ്പോൾ തന്നെ നൽകുമായിരുന്നു എന്നും ശബരിനാഥ്‌ അറിയിച്ചു. പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ ശബരീനാഥൻ എതിർത്തു. അറസ്റ്റ് നിയമപരമായിരുന്നില്ലെന്നും വാദിച്ചു. 

കേസിൽ രാവിലെ അറസ്റ്റിലായ ശബരീനാഥനെ അൽപം മുമ്പാണ് കോടതിയിൽ ഹാ‍‍ജരാക്കിയത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ശംഖുമുഖം എസിപിക്ക് മുന്നിലെത്താൻ ശബരീനാഥനോട് നിർദേശിച്ചിരുന്നു. 10.40ന് ശബരീനാഥൻ ചോദ്യം ചെയ്യലിന് ഹാജരായി. 11 മണിക്ക് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശബരീനാഥിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി. അറസ്റ്റിന് സാധ്യതയുണ്ടെന്നായിരുന്നു ശബരിയുടെ അഭിഭാഷകൻറെ വാദം. അറസ്റ്റിനെ കുറിച്ച് പ്രോസിക്യൂഷൻ ആ സമയം വ്യക്തമായ വിവരം പറഞ്ഞില്ല. ഹർജി പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് 11.15 ഓടെ കോടതി നിർദ്ദേശിച്ചു. ഇതിനിടെ പൊലീസുമായി സംസാരിച്ച സർക്കാർ അഭിഭാഷകൻ മുൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കോടതിയെ അറിയിച്ചു. 

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് ശബരിനാഥൻ അറസ്റ്റില്‍

വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്‍റെ ഭീരുത്വമാണെന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ശബരിനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിൽ പ്രതിഷേധിച്ചതെന്നും ശബരിനാഥ് പറഞ്ഞു. 

ശബരിനാഥന്‍റെ അറസ്റ്റ് ഉന്നതതല ഗൂഢാലോചനയുടെ ഭാഗം; വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

അതേസമയം, മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. സർക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. അധികാരവും പൊലീസും കൈയ്യിൽ ഉള്ളതിനാൽ എന്തും ചെയ്യുന്ന അവസ്ഥയാണ്. ഇ.പി.ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്ന് വെളിവാക്കുന്നതായും സതീശന്‍ പറ‌ഞ്ഞു.