Asianet News MalayalamAsianet News Malayalam

'സ്വന്തം കാര്യം നോക്കി അടവ്നയം സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം,അതിനാലാണ് ജോഡോയാത്രയില്‍ പങ്കെടുക്കാത്തത്'

ബിജെപിക്കെതിരെ എതിര്‍ ശബ്ദമുയരേണ്ട വേദികളില്‍ ബോധപൂര്‍വം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സിപിഎം കേരള ഘടകം ഒഴിഞ്ഞ് മാറുന്നത് ,സംഘപരിവാര്‍ നേതൃത്വവുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍
 

k sudhakaran against cpm decision not to particiapate in jodo yathra
Author
First Published Jan 29, 2023, 2:46 PM IST

തിരുവനന്തപുരം: രാഹുല്‍ഗാന്ധി  നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള സിപിഎം തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്. ജനങ്ങളുടെയും രാജ്യത്തിന്‍റേയും താല്‍പ്പര്യം പരിഗണിക്കാതെ സ്വന്തം കാര്യം നോക്കി അടവ് നയം സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. അതിനാലാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോയാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആവര്‍ത്തിച്ച് പറയുന്നത്. ബിജെപിക്കെതിരെ എതിര്‍ ശബ്ദമുയരേണ്ട വേദികളില്‍ ബോധപൂര്‍വം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സിപിഎം കേരള ഘടകം ഒഴിഞ്ഞ് മാറുന്നത് സംഘപരിവാര്‍ നേതൃത്വവുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്‍റെ  ഈ മൂല്യച്യുതിയും ജീര്‍ണ്ണതയും ജനാധിപത്യബോധമുള്ള പ്രബുദ്ധ ജനത വിലയിരുത്തും.കോണ്‍ഗ്രസ് തകരണമെന്ന് ബിജെപിയെപ്പോലെ സിപിഎം ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിന്‍റെ  തകര്‍ച്ച സാധ്യമാക്കിയാല്‍ ബിജെപിയെ മുന്‍നിരയിലേക്ക് കൊണ്ടുവരാമെന്നും ന്യൂനപക്ഷ വോട്ടുകള്‍ സിപിമ്മില്‍ ഉറപ്പിച്ച് നിര്‍ത്താമെന്നും അവര്‍ മനക്കോട്ട പണിയുന്നു. മൃദുഹിന്ദുത്വ ആരോപണം ഉയര്‍ത്തി ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന പണി സിപിഎം ഏറ്റെടുത്തതും അതിന്‍റെ  ഭാഗമാണെന്നും സുധാകരന്‍ പരിഹസിച്ചു.

ബിജെപിയുടെ കൊടിക്കീഴില്‍ അഭയം തേടിയത് കൊണ്ടുമാത്രമാണ് ലാവ്‌ലിന്‍,സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ കൈകളില്‍ വിലങ്ങ് വീഴാത്തത്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്‍റെ  നേതൃത്വത്തിലുള്ള പ്രതിപക്ഷ നിര ശക്തിപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് സിപിഎം വിഘാതം നില്‍ക്കുന്നതും അതിന്‍റെ  പ്രത്യുപകരമായിട്ടാണ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് അണികള്‍ ചേക്കേറുമ്പോള്‍ സിപിഎമ്മിനെപ്പോലെ തങ്ങള്‍ക്ക് ആഹ്ളാദിക്കാനാവില്ലെന്നും ബിജെപിയുടെ പരാജയപ്പെടുത്തുക എന്നതുമാത്രമാണ് കോണ്‍ഗ്രസിന്‍റെ  പ്രഥമ ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു.

സ്വന്തം പാളയത്തില്‍ നിന്ന് എംഎല്‍എ ഉള്‍പ്പെടെ ബിജെപിയിലേക്ക് പോകുമ്പോഴും കോണ്‍ഗ്രസിനെ പരിഹസിക്കുന്ന തിരക്കിലാണ് സിപിഎം.ത്രിപുരയില്‍ ബിജെപിയെ ചെറുക്കാന്‍ കെല്‍പ്പില്ലാതെ കോണ്‍ഗ്രസിന്റെ സഹായം തേടിയിട്ടും ബിജെപിയോടുള്ള കൂറ് അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്.ഏറ്റവും ഒടുവില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ കോണ്‍ഗ്രസ് തനിച്ച് 25 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഭരണം നയിച്ച സിപിമ്മിന് 17 ശതമാനം വോട്ട് മാത്രമാണ് അവിടെ നേടാനായത്. അതില്‍ നിന്ന് തന്നെ ബിജെപിയിലേക്ക് ഒഴുകിയ വോട്ടുകള്‍ ആരുടെതാണെന്ന് വ്യക്തമാണ്.ത്രിപുരയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്യൂണിസം പ്രസംഗിക്കുമ്പോഴും സിപിഎം നേതാക്കള്‍ മുദുഹിന്ദുത്വം മനസ്സില്‍ താലോലിക്കുന്നു. ദേശീയതലത്തില്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്‍റേയും പേരില്‍ വിഭജിക്കുന്ന ബിജെപി  നയങ്ങള്‍ സോഷ്യല്‍ എഞ്ചിനിയറിംഗ് ഭാഗമായി കേരളത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും നടപ്പാക്കുകയാണ്.ബംഗാളിലും ത്രിപുരയിലും ഉള്‍പ്പെടെ പാര്‍ട്ടി ഓഫീസ് കാവിയടിച്ച് കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കളുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
 

Follow Us:
Download App:
  • android
  • ios