കെ റെയിൽ വികസനത്തിന്റെ പേരിൽ ഭൂമിയും വീടും നഷ്ടപ്പെടുന്ന ക്രൈസ്തവ സഭാ വൈദികനുൾപ്പെടെയുള്ളവർക്ക് നേരെയാണ് ചെങ്ങന്നൂർ സിഐയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ മുളക്കുഴയിൽ ആക്രമണം നടന്നതെന്ന് അത്ഭുതപ്പെടുത്തുന്നു

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ (Silver Line) പദ്ധതിക്ക് എതിരെയുള്ള പ്രതിഷേധത്തിനിടെ വൈദികനെതിരെയുള്ള പൊലീസ് (Kerala Police) നടപടിയില്‍ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ (KPCC President K Sudhakaran). പുരോഹിതന്മാരോട് പോലും കരുണ കാണിക്കാത്ത പിണറായി വിജയന്‍റെ പൊലീസ് ആത്മപരിശോധന നടത്തണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് തലവന്‍റെ തിട്ടൂരം നടപ്പാക്കാൻ കൂലിപ്പണിയെടുക്കുന്ന പിണറായി വിജയന്‍റെ പൊലീസ് ഒരു ക്രിസ്ത്യൻ വൈദികനെ ആക്രമിക്കുന്നതിൽ അത്ഭുതമില്ല.

കെ റെയിൽ വികസനത്തിന്റെ പേരിൽ ഭൂമിയും വീടും നഷ്ടപ്പെടുന്ന ക്രൈസ്തവ സഭാ വൈദികനുൾപ്പെടെയുള്ളവർക്ക് നേരെയാണ് ചെങ്ങന്നൂർ സിഐയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ മുളക്കുഴയിൽ ആക്രമണം നടന്നതെന്ന് അത്ഭുതപ്പെടുത്തുന്നു. ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിലെ വൈദികനും മുളക്കുഴ സെൻറ് മേരിസ് ഇടവകാംഗവുമായ ഫാ. മാത്യു വർഗീസിനെയാണ് തിരുവസ്ത്രത്തിലായിട്ട് പോലും ഗുണ്ടകളെപ്പോലെ പൊലീസ് കൈകാര്യം ചെയ്തത്.

ഈ നരനായാട്ടിനെതിരെ പ്രതിഷേധിക്കേണ്ടത് ക്രിസ്ത്യൻ മതവിശ്വാസികൾ മാത്രമല്ല, ജാതിമത വ്യത്യാസമില്ലാതെ പൊതു സമൂഹം ഒന്നടങ്കമാണ്. വികസനത്തിന്റെ പേരും പറഞ്ഞ് ഒരു ജനതയെ കൊല്ലാക്കൊല ചെയ്യുകയാണ്. പിണറായിയുടെ പിൻബലത്തിൽ എന്തും ചെയ്യാമെന്നാണ് ഇപ്പോൾ കേരളത്തിലെ പൊലീസ് വിചാരിക്കുന്നത്. സ്റ്റേഷനിൽ ബോംബെറിയുന്ന പൊലീസുകാരെ കുത്തിക്കൊല്ലാൻ നടക്കുന്ന ഗുണ്ടകളെയൊന്നും നിലക്ക് നിർത്താൻ കഴിയാത്ത പൊലീസ് ആണ് പാവം വൃദ്ധരും സ്ത്രീകളുമുൾപ്പെടെയുള്ളവരെ കെ റെയിലിന്റെ പേരിൽ അതി ക്രൂരമായി പീഡിപ്പിക്കുന്നത്.

കേരളം മുഴുവൻ പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും മനുഷ്യ വേട്ട അരങ്ങേറുകയാണ്. ബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലും സിപിഎം നടപ്പിലാക്കിയ ജന വിരുദ്ധ വികസനത്തിന്റെ ബാക്കി പത്രം എന്താണെന്ന് പിണറായി ഓർക്കുന്നത് നല്ലതാണ്. ആക്രമണത്തിനിരയായ വൈദികനെയും പ്രദേശത്തെ വീട്ടമ്മമാരെയും സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ അസംഘടിതമായ സമരമാണെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഈ പാവപ്പെട്ട ജനതയെ ഒന്നിച്ചു ചേർത്ത് സിപിഎമ്മിന്‍റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് പട നയിക്കും. കോൺഗ്രസ് പ്രഖ്യാപിച്ച കെ റെയിൽ വിരുദ്ധ സമരം പിണറായി വിജയൻ എന്ന ഏകാധിപതിയ്ക്ക് ജനാധിപത്യമെന്തെന്നും ജനങ്ങളുടെ ശക്തിയെന്തെന്നും ബോധ്യപ്പെടുത്തി കൊടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിവാദങ്ങളേറെ ഉയർന്നിട്ടും സിൽവർ ലൈൻ പോലുള്ള പദ്ധതികളിൽ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു .

ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കെ റെയിലിനെ കുറിച്ചുള്ള ആശങ്ക അകറ്റുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ആർക്കാണ് ഇത്ര വേഗത്തില്‍ പോകേണ്ടതെന്ന വിമർശനം പുതിയ കാലത്തിന് യോജിച്ചതല്ല. സിൽവർ ലൈൻ പദ്ധതി ആരെയും ഉപദ്രവിക്കാനല്ല. നാടിന്റെ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവർ അത് ചെയ്യണം. പദ്ധതി പ്രഖ്യാപിച്ചാൽ സർക്കാർ അതു നടപ്പാക്കും എന്ന് ഉറപ്പുള്ളവരാണ് ഇപ്പോൾ എതിർപ്പ് ഉയർത്തുന്നതെന്നും നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.