'അത് അങ്ങനെയായി പൊയതിന് ഞങ്ങളെന്ത് പിഴച്ചു'. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരൻ

ദില്ലി: മുൻ മന്ത്രി എം.എം.മണിക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്ന്. ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ.സുധാകരൻ ചോദിച്ചു. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരൻ ചോദിച്ചു. ചിമ്പാൻസിയുടെ ശരീരത്തിൽ എം.എം.മണിയുടെ മുഖം ചേർത്തുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തോടായിരുന്നു കെ.സുധാകരന്റെ പരാമർശം. സംഭവത്തിൽ മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ്. മണിക്കിതൊന്നും ഇല്ലല്ലോ എന്നും കെ.സുധാകരൻ ചോദിച്ചു.

YouTube video player

മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിലാണ് എം.എം.മണിയെ അധിക്ഷേപകരമായി ചിത്രീകരിച്ചത്. മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസുകാർ എത്തിയത്. ചിമ്പാൻസിയുടെ ചിത്രത്തിൽ എംഎൽഎയുടെ മുഖം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. മണിക്കെതിരെ മോശമായ പരാമർശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിവാദമായതോടെ പ്രവർത്തകർ കട്ടൗട്ട് ഒളിപ്പിച്ചു. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പാതിവഴിക്ക് മടങ്ങുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ മഹിളാ കോൺഗ്രസ് പിന്നീട് മാപ്പ് പറഞ്ഞു. 

YouTube video player

മഹിളാ കോൺഗ്രസിന്റെ വിശദീകരണം

കെ.കെ.രമയ്ക്ക് എതിരെ എം.എം മണി നിയമസഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ഉപയോഗിച്ച ബോർഡ് എം.എം.മണിയെ വ്യക്തിപരമായി അവഹേളിക്കുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ രീതിയല്ല. 

നിയമസഭാ മര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ഈ ബോർഡ് കൊണ്ടു വന്നത്. അല്ലാതെ മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല. ബോർഡ് ശ്രദ്ധയില്‍പ്പെട്ട ഉടനെ അത് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോർഡ് എം.എം.മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു. മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഖേദം പ്രകടിപ്പിച്ച് കൊണ്ടുള്ള ഈ കുറിപ്പ് ഇറക്കിയത്.