Asianet News MalayalamAsianet News Malayalam

K Sudhakaran : ആദ്യം വലംകൈ, പിന്നെ വൈര്യം, കെ സുധാകരൻ V/S മമ്പറം, കണ്ണൂരിലെ അങ്കക്കളരിയിൽ ഇനി പുതിയ പോരാട്ടം ?

1992 ൽ എൻ രാമകൃഷ്ണനെ തഴെയിറക്കി ഡിസിസി പിടിക്കാൻ സുധാകരന്റെ വലം കൈയായി നിന്നത് ദിവാകരനായിരുന്നു. എന്നാൽ പിന്നീട് ബന്ധം വഷളായി. സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ ദിവാകരന്റെ നില പരുങ്ങലിലായി. 

K Sudhakaran  and Mambaram Divakaran  fight continue
Author
Kannur, First Published Nov 29, 2021, 2:45 PM IST

കണ്ണൂര്‍: കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി (K Sudhakaran) ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തർക്കമാണ് കണ്ണൂരിലെ മുതിർന്ന നേതാവ് മമ്പറം ദിവാകരന്‍റെ ( Mambaram Divakaran ) പുറത്താക്കലിൽ കലാശിച്ചത്. തർക്കം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ (Indira Gandhi Co-Operative Hospital) ചുറ്റിപ്പറ്റിയാണെങ്കിലും കെ സുധാകരനും മമ്പറം ദിവാകരനും തമ്മിലുള്ള പരസ്പര വൈര്യത്തിന്‍റെ ക്ലൈമാക്സാണ് ഈ പുറത്താക്കൽ. 1992 ൽ എൻ രാമകൃഷ്ണനെ തഴെയിറക്കി ഡിസിസി പിടിക്കാൻ സുധാകരന്‍റെ വലം കൈയായി നിന്നത് ദിവാകരനായിരുന്നു. എന്നാൽ പിന്നീട് ബന്ധം വഷളായി. സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ ദിവാകരന്‍റെ നില പരുങ്ങലിലായി. 

കെ സുധാകരൻ പക്വത കാണിക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷനായ ശേഷം ബ്രണ്ണൻ വിവാദങ്ങളുയർത്തിയതിൽ മമ്പറം ദിവാകരന്‍റെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ മമ്പറം ദിവാകരൻ കോൺഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. ബ്രണ്ണൻ വിവാദത്തിൽ സുധാകരനെ തള്ളി മുഖ്യമന്ത്രിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട ദിവാകരൻ സുധാകരനെതിരെ പല സമയത്തും രംഗത്തെത്തി. 

അതോടെയാണ് ഇന്ദിരാഗാന്ധി ആശുപത്രിയുടെ തലപ്പത്ത് രണ്ടര പതിറ്റാണ്ടായി തുടരുന്ന ദിവാകരന്‍റെ ചിറകരിയാൻ സുധാകരൻ ക്യാംപ് പാർട്ടി പാനലിനെ മത്സരരംഗത്തിറക്കിയത്. പാർട്ടിയുടെ അനുമതിയില്ലാതെ സ്വന്തം പാനലിനെ മത്സരിപ്പിക്കുന്നു എന്ന കാരണം പറ‍ഞ്ഞാണ് കെപിസിസി അംഗം കൂടിയായ ദിവാകരനെ പുറത്താക്കിയത്. പാർട്ടിക്ക് പുറത്താണെങ്കിലും ഡിസംബർ 5 ന് നടക്കുന്ന ആശുപത്രി തെരഞ്ഞെടുപ്പിൽ വിജയിച്ച് കയറാം എന്ന ആത്മവിശ്വാസത്തിലാണ് മമ്പറം. ദിവാകരൻ കഴിഞ്ഞ 25 കൊല്ലമായി ഭരിക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ കടിഞ്ഞാണ്‍ പിടിക്കാൻ കെ സുധാകരൻ നടത്തുന്ന നീക്കം എളുപ്പം വിജയിക്കാനിടയില്ല.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ഇന്നലെയാണ് മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതില്‍ നിന്ന് മമ്പറം ദിവാകരനെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ നേരത്തെ അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പുറത്താക്കല്‍. 

Follow Us:
Download App:
  • android
  • ios