കണ്ണൂർ: വെൽഫെയർ പാർട്ടി ബന്ധത്തിൽ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളിയും വടകര എം പി കെ മുരളീധരനെ പിന്തുണച്ചും കണ്ണൂർ എം പി കെ സുധാകരൻ രംഗത്ത്. വെൽഫെയർ പാർട്ടിക്ക് ഇന്ന് മതേതര നിലപാടാണ്. ആ നിലപാട് ഉള്ളത് കൊണ്ടാണ് അവർ യു ഡി എഫിനെ പിന്തുണയ്ക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

ഇക്കാര്യത്തിൽ തന്റേതാണ് അവസാന വാക്കെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ പരോക്ഷമായി വിമർശിക്കാനും കെ സുധാകരൻ മറന്നില്ല. കെ പി സി സി നിലപാട് ഒരാൾക്ക് ഒറ്റയ്ക്ക് എടുക്കാനാവില്ലെന്നും അത് ചർച്ചയിലൂടെ എടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂരിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സി പി എം അക്രമത്തിൽ പരിക്കേറ്റ് നിരവധി യുഡിഎഫ് പ്രവർത്തകർ ആശുപത്രിയിലാണ്. സി പി എം പ്രവർത്തകർ ആക്രമിക്കുമ്പോൾ പൊലീസ് നോക്കി നിൽക്കുകയായിരുന്നു. ബൂത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സി പി എം കള്ളവോട്ടിന് കൂട്ടുനിന്നു. ഉദ്യോഗസ്ഥരെ കോൺഗ്രസ് കോടതി കയറ്റുമെന്നും അദ്ദേഹം പറഞ്ഞു.