Asianet News MalayalamAsianet News Malayalam

നേതൃത്വത്തിന് ആജ്ഞാശക്തിയില്ല, തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസിൽ കലാപക്കൊടി; രാഹുലിനെ കാണുമെന്ന് സുധാകരൻ

കെ പി സി സി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാന്റ് തന്നെ നേരിട്ട് ഇടപെടണം. ദില്ലിയിൽ പോയി രാഹുൽ ഗാന്ധിയെ ഈ വിഷയങ്ങൾ ധരിപ്പിക്കും

K Sudhakaran blames Congress leadership for local body election defeat
Author
Kannur, First Published Dec 17, 2020, 7:22 AM IST

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി കണ്ണൂർ എം പി കെ സുധാകരൻ. നേതാക്കൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത്.  തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണ്. ആജ്ഞ ശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെ പി സി സിക്കുണ്ട്.  ശുപാർശയ്ക്കും വ്യക്തിതാൽപര്യങ്ങൾക്കും അതീതമായ നേതൃനിര വേണമെന്നും അദ്ദേഹം പറഞ്ഞു.

കെ പി സി സി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാന്റ് തന്നെ നേരിട്ട് ഇടപെടണം. ദില്ലിയിൽ പോയി രാഹുൽ ഗാന്ധിയെ ഈ വിഷയങ്ങൾ ധരിപ്പിക്കും. നേതാക്കൾ ജില്ല സംരക്ഷിക്കണം. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയിൽ കോൺഗ്രസ് പിന്നിലായതിൽ ആത്മപരിശോധന വേണം. ഇത്തവണ താൻ മറ്റിടങ്ങളിൽ പോകാഞ്ഞത് സ്വന്തം ജില്ല സംരക്ഷിക്കാനായാണ്. സ്വന്തം ജില്ലയിൽ റിസൾട്ട് ഉണ്ടാക്കാത്ത നേതാവിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല എന്നെനിക്കറിയാമെന്നും സുധാകരൻ പറഞ്ഞു.

കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ് മുന്നണി വിട്ടത് ദുരന്തമായി. മാണി കോൺഗ്രസിനെ പുറത്താക്കിയത് മധ്യകേരളത്തിൽ വലിയ ദുരന്തമാണ് ഉണ്ടാക്കിയത്. ജോസ് കെ മാണിക്കൊപ്പമാണ് വലിയ വിഭാഗം അണികളെന്ന് തെളിഞ്ഞു.  അവരെ പുറത്താക്കരുതെന്നായിരുന്നു അന്നും ഇന്നും തന്റെ നിലപാട്. പറ്റുമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നെ മാണി വിഭാഗത്തെ തിരികെയെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടിയിലും മുന്നണിയിലും അനൈക്യം തിരിച്ചടിയായി. കല്ലാമലയിൽ അപമാനിക്കപ്പെട്ടുവെന്ന തോന്നൽ ആർഎംപിക്കുണ്ടായത് തിരിച്ചടിയായി. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു. അവരോട് നന്ദിയുണ്ട്. പാർട്ടിയിൽ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്ന അഭിപ്രായങ്ങൾ കോൺഗ്രസിന്റെതല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios