Asianet News MalayalamAsianet News Malayalam

സുധാകരന്‍ വക 'ഡിവൈഎഫ്ഐ പൊതിച്ചോറ്' ഉപദേശം; കല്ലുകടിച്ച് യൂത്ത് കോണ്‍ഗ്രസ്സ്

സുധാകരന്‍റെ വാക്കുകള്‍ ഇങ്ങിനെ '' എത്ര വര്‍ഷമായി ഡിവൈഎഫ്ഐ എല്ലാ ജില്ലയിലും ജനറല്‍ ആശുപത്രികളില്‍ ഉച്ചഭക്ഷണം വിതരണം  ചെയ്യുന്നു.ദിവസം ആയിരം ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്.നാല് വര്‍ഷമായി അത് മുടങ്ങിയിട്ടില്ല. പക്ഷേ നമുക്കോ ?"

k sudhakaran comment on dyfi free meals youth congress on fury
Author
Kozhikode, First Published May 5, 2022, 12:16 PM IST

കോഴിക്കോട്: ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറില്‍ കല്ലുകടിച്ച് യൂത്ത് കോണ്‍ഗ്രസ്സ്.കെപിസിസി പ്രസിഡ‍ണ്ട് കെ.സുധാകരന്‍  ഡി വൈഎഫ്ഐയുടെ പൊതിച്ചോറിനെ കുറിച്ച് നടത്തിയ പ്രസ്താവനയാണ് യൂത്ത് കോണ്‍ഗ്രസ്സിനെ വറചട്ടിയില്‍ വീഴ്ത്തിയത്.

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി സംസ്ഥാനത്തെ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ സൗജന്യ ഭക്ഷണ വിതരണം ചെയ്യുന്നത് ഇക്കഴിഞ്ഞ ദിവസം    കെപിസിസി പ്രസി‍ഡണ്ട് കെ.സുധാകരന്‍ പുകഴ്ത്തിയിരുന്നു. .കോഴിക്കോട് ജില്ല കോണ്‍ഗ്രസ്സ് യോഗത്തിലാണ് ഉദ്ഘാടകനായ കെ. സുധാകരന്‍ ഡിവൈഎഫ്ഐയുടെ സാമൂഹ്യ സേവനത്തിന് കയ്യടി നല്‍കിയത്. ഡിവൈഎഫ്ഐക്ക് പ്രശംസ മാത്രമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടുള്ള വിമര്‍ശനം മറച്ചു വെക്കാനും സുധാകരന്‍ മടിച്ചില്ല.

സുധാകരന്‍റെ വാക്കുകള്‍ ഇങ്ങിനെ '' എത്ര വര്‍ഷമായി ഡിവൈഎഫ്ഐ എല്ലാ ജില്ലയിലും ജനറല്‍ ആശുപത്രികളില്‍ ഉച്ചഭക്ഷണം വിതരണം  ചെയ്യുന്നു.ദിവസം ആയിരം ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്.നാല് വര്‍ഷമായി അത് മുടങ്ങിയിട്ടില്ല. പക്ഷേ നമുക്കോ ? ആര്‍ക്കെങ്കിലും കൊടുക്കാറുണ്ടോ?പട്ടിണി കിടക്കുന്നവന് അന്നം കൊടുക്കാറുണ്ടോ  ?  കഷ്ടപ്പെടുന്നവന് മരുന്ന് കൊടുക്കാറുണ്ടോ? പഠിക്കാന്‍ കാശില്ലാത്ത കുട്ടികളെ പഠിക്കാറുണ്ടോ ? എത്ര പേരുണ്ടാകും ? . ഇല്ലെന്ന് പറയുന്നില്ല. മഹാഭൂരിപക്ഷത്തിനും ഈ ശീലമില്ല,നിങ്ങള്‍ നടപ്പാക്കാറില്ല,നിങ്ങളല്ല , നമ്മള്‍.ഇത് തിരുത്തണം ''ഈ പ്രസംഗം ഇപ്പോള്‍ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ ചൂടുള്ള ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. 

പ്രസിഡണ്ടിന്‍റെ പ്രസംഗം ഡിവൈഎഫ്ഐ പ്രശംസയോ എന്നാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്കിടയിലെ അടക്കം പറച്ചില്‍.എന്നാല്‍ മൗനം വെടിഞ്ഞ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി.ദുല്‍ഖിഫില്‍ കെപിസിസി അധ്യക്ഷന്‍റെ പ്രസംഗത്തിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. 

''പൊതിച്ചോറിന്‍റെ രാഷ്ട്രീയം- കൊന്നു തള്ളിയവരുടെ അന്നം വിളമ്പല്‍ അക്രമങ്ങളുടെ മറപിടിക്കാനുള്ള തന്ത്രമെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. അതിനാല്‍ ഡിവൈഎഫ്ഐയില്‍ നിന്ന് കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സും എന്ത് പഠിക്കണമെന്ന് ദുല്‍ഖിഫില്‍ ഫേസ് ബുക്ക്കുറിപ്പില്‍ ചോദിച്ചു.ഡിവൈഎഫ്ഐയെ കണ്ട് പഠിക്കാന്‍ പറയുന്ന നേതാക്കളോട് വിയോജിപ്പാണെന്നും ദുല്‍ഖിഫില്‍ കുറിപ്പില്‍ വ്യക്തമാക്കി.

ഇതോടെ വിഷയം ചൂടുപിടിച്ചു. ഡിസിസി പ്രസി‍ഡണ്ട് അച്ചടക്ക നടപടിയായി ദുല്‍ഖിഫിലിനെ സസ്പെന്‍റ് ചെയ്തരിക്കുകയാണ്.ഡിസിസി പ്രസിഡണ്ടിന്‍റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സിന്‍റെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ പ്രതിഷേധം കടുക്കുകയാണ്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലും ഡിസിസി പ്രസിഡണ്ട് കെ. പ്രവീണ്‍കുമാറിനെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios