Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ വിട്ടതെന്ന ഗവര്‍ണ്ണറുടെ ആരോപണം അതീവ ഗൗരവതരം , പിണറായിക്കെതിരെ കേസെടുക്കണം

ഗവര്‍ണ്ണറുടെ സഞ്ചാരപാത എസ്എഫ്ഐക്കാര്‍ക്ക്  ചോര്‍ത്തിക്കൊടുത്ത   പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും  നടപടി ഉണ്ടാകണമെന്ന് കെപിസിസി പ്രസിഡണ്ട് കെസുധാകരന്‍

k sudhakaran demand case against pinarayi on protest against governor
Author
First Published Dec 12, 2023, 2:32 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനവും വധശ്രമത്തിന് കേസെടുക്കുകയും ചെയ്യുമ്പോള്‍ കരിങ്കൊടികാട്ടി ഗവര്‍ണ്ണറെ ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ദുര്‍ബലവകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് കെപിസിസി പ്രസിഡണ്ട് കെസുധാകരന്‍ കുറ്റപ്പെടുത്തി.. ഒരു വൈകാരിക പ്രകടത്തിന്‍റെ  ഭാഗമായി നവകേരള ബസിനു നേരേ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. എന്നാല്‍ അവരെ ക്രൂരമായി മര്‍ദ്ദിച്ച സിപിഎം ക്രിമിനലുകള്‍ക്കെതിരെ അദ്യം കേസെടുത്തില്ല. ഈ കേസ് പരിഗണിച്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രൂക്ഷമായ ഭാഷയിലാണ് പോലീസിന്റെ നടപടിയെ വിമര്‍ശിച്ചത്. മന്ത്രിമാര്‍ക്ക് മാത്രമല്ല, ജനത്തിനും സംരക്ഷണം ഉപ്പാക്കണമെന്ന് കടുത്ത ഭാഷയില്‍ കോടതി താക്കീതും ചെയ്തു.ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായത്.

ഷൂ എറിഞ്ഞ് പ്രതിഷേധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത് സിപിഎം ക്രിമിനലുകള്‍ നടത്തിയ തുടര്‍ച്ചയായ ആക്രമങ്ങളാണ്.ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശത്തെ കായിക ബലവും അധികാരഹുങ്കും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും മുഖ്യമന്ത്രി സഞ്ചരിക്കുന്നിടങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്യായമായി കരുതല്‍ തടങ്കലിലടയ്ക്കുകയും ചെയ്തപ്പോഴാണ് ശക്തമായ പ്രത്യക്ഷ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.പ്രതിഷേധക്കാരുടെ കൊടിയുടെ നിറം നോക്കി പോലീസ് സ്വീകരിക്കുന്ന നിലപാടും നടപടിയും നീതിനിഷേധവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്നും സുധാകരന്‍ പറഞ്ഞു.

തന്നെ ആക്രമിക്കാന്‍ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ വിട്ടതെന്ന് ഗവര്‍ണ്ണര്‍ ആരോപിക്കുമ്പോള്‍ വധശ്രമത്തിനും ഗൂഢാലോചനകുറ്റത്തിനുമുള്ള  വകുപ്പുകള്‍ ചുമത്തി മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണം. ഗവര്‍ണ്ണര്‍ക്കെതിരായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ്. അക്രമികളായ എസ്എഫ്‌ഐ ക്രിമിനലുകള്‍  വന്നത് പോലീസ് വാഹനത്തിലാണെന്ന ഗവര്‍ണ്ണറുടെ ആരോപണം അതീവ ഗൗരവമുള്ളതാണ്. ഗവര്‍ണ്ണറുടെ സഞ്ചാരപാത എസ്എഫ്ഐക്കാര്‍ക്ക്  ചോര്‍ത്തിക്കൊടുത്ത ബന്ധപ്പെട്ട  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും  നടപടി ഉണ്ടാകണം. ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ച വരുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അടിയന്തര നടപടി ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios