Asianet News MalayalamAsianet News Malayalam

ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഗൂഢാലോചനയെന്ന് കെ സുധാകരൻ എംപി

ഇടതുപക്ഷം സിബിഐ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്നും അസം അഭിഭാഷകനെ പൊതുഖജനാവിലെ പണം ചെലവാക്കി കൊണ്ടുവന്നത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു.

k sudhakaran mp response for shuhaib murder case for high court ruling
Author
Kochi, First Published Aug 2, 2019, 12:06 PM IST

കൊച്ചി: ഷുഹൈബ് വധക്കേസിൽ നീതി നിഷേധിക്കപ്പെട്ടുവെന്ന് കെ സുധാകരൻ എംപി. സിബിഐ അന്വേഷണം വരാതിരിക്കാൻ കേസിൽ സംസ്ഥാന സർക്കാർ ഗൂഢാലോചന നടത്തിയെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം. 

ഇടതുപക്ഷം സിബിഐ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്നും അസം അഭിഭാഷകനെ പൊതുഖജനാവിലെ പണം ചെലവാക്കി കൊണ്ടുവന്നത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു. ആരാണ് ഈ അസം സ്വദേശിയായ വക്കീൽ?സംഭവത്തിൽ എന്തോ മറഞ്ഞിരിപ്പുണ്ട്, യഥാർത്ഥ കൊലയാളികളല്ല കേസിലുള്ളതെന്നും കെ സുധാകരൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് മട്ടന്നൂര്‍ എടയന്നൂര്‍ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനായ ഷുഹൈബിന്റെ വധക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാരിന്റെ അപ്പീൽ ഹർജി അംഗീകരിച്ചായിരുന്നു ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 

കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ വർഷം മാർച്ചിൽ ജസ്റ്റിസ് ബി കെമാൽപാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios