Asianet News MalayalamAsianet News Malayalam

രാഷ്ട്രീയ വൈര്യം മറന്ന് നേതാക്കൾ: കോടിയേരിക്ക് അന്തിമോപചാരം അ‍ര്‍പ്പിച്ച് സുധാകരൻ

കണ്ണൂര്‍ രാഷ്ട്രീയത്തിൻ്റെ ഇരുചേരികളിൽ നിന്നും പരസ്പരം പോരാടിയെങ്കിലും  കോടിയേരിക്ക് വിട ചൊല്ലാൻ സുധാകരൻ എത്തിയത് കണ്ടു നിന്നവര്‍ക്കും കൗതുക കാഴ്ചയായി. 

K Sudhakaran Paid Tribute to Kodiyeri Balakrishnan
Author
First Published Oct 2, 2022, 7:42 PM IST

തലശ്ശരേി: അന്തരിച്ച സിപിഎം നേതാവ്  കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞലി അര്‍പ്പിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കോടിയേരിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച തലശ്ശേരി ടൗണ്‍ ഹാളിൽ എത്തിയാണ് കെ.സുധാകരൻ മുതിര്‍ന്ന സിപിഎം നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ചത്. കണ്ണൂര്‍ രാഷ്ട്രീയത്തിൻ്റെ ഇരുചേരികളിൽ നിന്നും പരസ്പരം പോരാടിയെങ്കിലും  കോടിയേരിക്ക് വിട ചൊല്ലാൻ സുധാകരൻ എത്തിയത് രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ്വ മുഹൂര്‍ത്തമായി മാറി.   

കോടിയേരിയുടെ മൃതദേഹത്തിന് പുഷ്പചക്രം സമര്‍പ്പിച്ച് വണങ്ങിയ സുധാകരൻ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനരികിലേക്ക് എത്തി സംസാരിക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സ്പീക്കര്‍ എ.എൻ.ഷംസീര്‍, എൽഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ എന്നിങ്ങനെ പതിറ്റാണ്ടുകളായി കണ്ണൂര്‍ രാഷ്ട്രീയത്തിൽ നേര്‍ക്കുനേര്‍ നിന്ന് പോരടിച്ച രാഷ്ട്രീയ നേതാക്കളോടെല്ലാം കെ.സുധാകരൻ സൗഹൃദം പുതുക്കി. കോടിയേരിക്ക് ആദരാജ്ഞലികൾ അ‍ര്‍പ്പിക്കാനെത്തിയ ജനസാഗരത്തെ സാക്ഷി നിര്‍ത്തിയായിരുന്ന രാഷ്ട്രീയ ചരിത്രത്തിലെ ഈ അപൂര്‍വ്വ കാഴ്ച. 

അതേസമയം കോടിയേരി ബാലകൃഷ്ണൻ്റെ മൃതദേഹം അൽപസമയത്തിനകം തലശ്ശേരി ടൗണ്‍ ഹാളിൽ നിന്നും മാടപ്പീടികയിലെ വീട്ടിലേക്ക് കൊണ്ടു പോകും. അടുത്ത ബന്ധുക്കളും സുഹൃത്തുകളും ഇവിടെ വച്ച് കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിക്കും. ഇന്ന് രാത്രി വീട്ടിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ രാഘവൻ മന്ദിരത്തിലേക്ക് കൊണ്ടു പോകും. ഇവിടെ വച്ച് പൊതുദര്‍ശനമുണ്ടാവും ഇതിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെ പയ്യാമ്പലം കടപ്പുറത്തേക്ക് സംസ്കാരത്തിനായി മൃതദേഹമെത്തിക്കും. സംസ്കാരചടങ്ങുകൾക്കുള്ല ഒരുക്കങ്ങളെല്ലാം പയ്യാമ്പലത്ത് പൂര്‍ത്തിയായിട്ടുണ്ട്. 

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോടിയേരിയുടെ മൃതദേഹം എയര്‍ ആംബുലൻസിൽ ചെന്നൈയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മന്ത്രിമാരും പാർട്ടി നേതാക്കളുമായി നിരവധി പേർ മൃതദേഹം ഏറ്റുവാങ്ങാൻ ആയി എത്തിയിരുന്നു.

വിമാനത്താവളം മുതൽ തലശ്ശേരി ടൗൺ ഹാൾ വരെയുള്ള പാതയുടെ ഇരുഭാഗത്തുമായി പ്രിയ നേതാവിൻ്റെ  ഭൗതികശരീരം ഒരു നോക്ക് കാണാൻ നേരത്തെ തന്നെ ജനം ഇടം പിടച്ചിരുന്നു. ടൗൺഹാളിൽ എത്തുന്നതിനു മുൻപുള്ള 14 കേന്ദ്രങ്ങളിൽ പൊതുദർശനം ഉണ്ടായിരിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ പ്രവർത്തകരുടെ എണ്ണം കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ തീരുമാനം മാറ്റി. പ്രധാന കേന്ദ്രങ്ങളിൽ വിലാപയാത്രയുടെ വേഗം കുറച്ചതല്ലാതെ എവിടെയും നിർത്തിയില്ല. 

ഇതോടെ ഇരു ഭാഗത്തുമായി കാത്തുനിന്ന ജനം തലശ്ശേരി ടൗൺഹാളിലേക്ക് ഒഴുകി.മൂന്നുമണിയോടെ മൃതദേഹം ടൗൺഹാളിൽ എത്തുമ്പോഴേക്കും പരിസരമാകെ ജനജനനിബിഡമായിരുന്നു.പ്രിയ നേതാവിൻറെ ചേതനയറ്റ ശരീരം കണ്ടതോടെ പലരുടെയും നിയന്ത്രണം വിട്ടു. മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചവർ പോലും കോടിയേരിയുടെ ചേതശരീരം കണ്ടതോടെ വിങ്ങിപ്പൊട്ടി. ഈ കാഴ്ച കണ്ട കോടിയേരിയുടെ ഭാര്യ വിനോദിനി തളർന്നുവീണു.

Follow Us:
Download App:
  • android
  • ios