മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെങ്കിൽ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂര്‍: പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാംപായ ചിന്തിൻ ശിബിരത്തിലെ പീഡന പരാതി നിസ്സാര വത്കരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പീഡനപരാതി ചെറിയ രീതിയിൽ മാത്രമേ ചര്‍ച്ചയായുള്ളൂവെന്നും ഇക്കാര്യത്തിൽ തനിക്ക് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
ഭരണഘടനാ വിരുദ്ധ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. സജി ചെറിയാൻ നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണ്, മന്ത്രിസ്ഥാനം രാജിവച്ചാൽ മാത്രം പ്രശ്നം തീരുന്നില്ല. ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത എംഎൽഎ എന്ന നിലയിൽ ആ പദവി കൂടി സജി ചെറിയാൻ രാജിവയ്ക്കണമെന്നും കെ.സുധാകരൻ കണ്ണൂരിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെങ്കിൽ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു.
അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പായ ചിന്തൻ ശിബിറിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. പരാതി സംഘടനക്ക് അകത്ത് ഒതുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളോട് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.വാട്സ് ആപ്പിൽ പ്രചരിക്കുന്ന പരാതി പകർപ്പ് ശരിയാണോ എന്ന് അന്വേഷിക്കും. സ്ത്രീകൾക്ക് എതിരായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു,
പാലക്കാട് ചേർന്ന ചിന്തിൻ ശിബിറിനിടെ യൂത്ത് കോൺഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിത നേതാവ് നൽകിയ പരാതിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പരാതി യൂത്ത് കോൺഗ്രസ് നേതൃത്വത്തിനു നൽകിയെങ്കിലും നടപടി എടുക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം. ചിന്തന്‍ശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യപിച്ചെത്തിയ വിവേക് നായർ കിടക്ക പങ്കിടാൻ നിർബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വനിതാ അംഗത്തിൻറെ കത്തിലുള്ളത്. ദളിത് വിഭാഗത്തിൽ നിന്ന് വരുന്ന താൻ സംഘടനയിൽ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതിൽ ഒന്നാണ് ഇത്. നിരവധി വനിതാ പ്രവർത്തകർ സമാന പ്രശ്നം നേരിടുന്നുണ്ടെന്നും കേരളത്തിന്‍റെ ചുമതല ഉള്ള സെക്രട്ടറി പുഷ്പലതക്ക് നൽകിയ പരാതിയിൽ പരാതിക്കാരി പറയുന്നു.
അതേസമയം യൂത്ത് കോൺഗ്രസ് ചിന്തന്‍ ശിബിരിനിടെ തനിക്ക് നേരെ ഉയര്‍ന്ന പീഡന പരാതി വ്യാജമെന്ന് ആരോപണവിധേയനായ വിവേക് നായര്‍ പ്രതികരിച്ചു. പരാതിക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരാണെന്ന് വിവേക് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു. മറ്റൊരു നേതാവിനോട് മോശമായി പെരുമാറിയതിനാണ് തന്നെ സസ്പെന്‍റ് ചെയ്‍തതെന്നും വിവേക് വിശദീകരിച്ചു.
