ബോംബിനെ കുറിച്ച് ചോദിച്ചാൽ മുഖ്യമന്ത്രിക്ക് അസഹിഷ്ണുതതയാണ്. പൊലീസ് സിപിഎമ്മിന്‍റെ ഏജന്‍റിനെ പോലെ പെരുമാറുന്നെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തെക്കുറിച്ച് പ്രതികരണവുമായി കെ സുധാകരന്‍. കോൺഗ്രസ് നടത്തിയ ആക്രമണങ്ങൾ ചെറുത്ത് നിൽപ്പിന്‍റെ ഭാഗമാണെന്നും ഡിസിസി ഓഫീസിൽ ബോംബുണ്ടാക്കിയെന്ന പ്രചാരണം കള്ളമെന്നും സുധാകരന്‍ പറഞ്ഞു. 'ബോംബ് ഉണ്ട് സൂക്ഷിക്കുക' എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയോടായിരുന്നു സുധാകരന്‍റെ പ്രതികരണം. ബോംബ് രാഷ്ട്രീയം വളർത്തിയത് സിപിഎമ്മും ആർഎസ്എസുമാണ്. ബോംബിനെ കുറിച്ച് ചോദിച്ചാൽ മുഖ്യമന്ത്രിക്ക് അസഹിഷ്ണുതതയാണ്. പൊലീസ് സിപിഎമ്മിന്‍റെ ഏജന്‍റിനെ പോലെ പെരുമാറുന്നെന്നും സുധാകരന്‍ പറഞ്ഞു.
- 'ചിമ്പാൻസിയുടെ മുഖം തന്നെയല്ലേ മണിക്ക്'; എം.എം.മണിക്കെതിരെ അധിക്ഷേപ പരാർശവുമായി കെ.സുധാകരൻ
മുൻ മന്ത്രി എം.എം.മണിക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്ന്. ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ.സുധാകരൻ ചോദിച്ചു. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരൻ ചോദിച്ചു. ചിമ്പാൻസിയുടെ ശരീരത്തിൽ എം.എം.മണിയുടെ മുഖം ചേർത്തുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തോടായിരുന്നു കെ.സുധാകരന്റെ പരാമർശം. സംഭവത്തിൽ മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ്. മണിക്കിതൊന്നും ഇല്ലല്ലോ എന്നും കെ.സുധാകരൻ ചോദിച്ചു.
മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിലാണ് എം.എം.മണിയെ അധിക്ഷേപകരമായി ചിത്രീകരിച്ചത്. മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസുകാർ എത്തിയത്. ചിമ്പാൻസിയുടെ ചിത്രത്തിൽ എംഎൽഎയുടെ മുഖം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. മണിക്കെതിരെ മോശമായ പരാമർശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിവാദമായതോടെ പ്രവർത്തകർ കട്ടൗട്ട് ഒളിപ്പിച്ചു. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പാതിവഴിക്ക് മടങ്ങുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ മഹിളാ കോൺഗ്രസ് പിന്നീട് മാപ്പ് പറഞ്ഞു.
