ചേവായൂര്‍ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ സുധാകരൻ. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയും പാര്‍ട്ടി ജില്ലാ നേതൃത്വവും കുറച്ചുകാലമായി രണ്ട് തട്ടിലാണ്.

കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷനില്‍ വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും കെ സുധാകരൻ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കും. കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളുവെന്നും കെ. സുധാകരൻ പ്രസംഗത്തിൽ പറഞ്ഞു. ഭീഷണി പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. 

500 കോടിയോളം രൂപ നിക്ഷേപവും 100 കോടിയോളം രൂപയുടെ ആസ്തിയുമുള്ള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്‍റെ നിയന്ത്രണത്തിലാണെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി ഭരണസമിതിയും പാര്‍ട്ടിയും കടുത്ത ഏറ്റുമുട്ടലിലാണ്. ബാങ്ക് ഭരണം സിപിഎമ്മിന് പതിച്ചു നല്‍കാന്‍ ശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെപിസിസി അംഗമായിരുന്ന കെവി സുബ്രമണ്യന്‍ ഉള്‍പ്പെടെ 7 ഭരണസമിതി അംഗങ്ങളെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.

ഭരണം അട്ടിമറിക്കാന്‍ രണ്ടായിരത്തോളം സിപിഎമ്മുകാരെ മെമ്പര്‍മാരാക്കി, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി, സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ബാങ്കില്‍ ജോലി തരപ്പെടുത്തി എന്നിങ്ങനെയുള്ള ആരോപണങ്ങളും പുറത്താക്കപ്പെട്ടവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നു.നവംബര്‍ 16ന് നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഭരണസമിതി അംഗങ്ങളും ബാങ്ക് സംരക്ഷണസമിതി എന്ന ബാനറില്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരിക്കുന്നുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്നലെ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വിമതര്‍ക്കെതിരെ കെപിസിസി അധ്യക്ഷന്‍റെ ഭീഷണി പ്രസംഗം.

അതേസമയം, പാര്‍ട്ടിയെ ഒറ്റു കൊടുത്തവര്‍ക്കുള്ള ആവശ്യമായ മറുപടിയാണ് സുധാകരന്‍ പറഞ്ഞതെന്നായിരുന്നു ഡിസിസി പ്രസിഡന്‍റ് കെ.പ്രവീണ്‍ കുമാറിന്‍റെ പ്രതികരണം. എന്നാല്‍, ജീവന് ഭീഷണിയുണ്ടെന്നും ഭീഷണി പ്രസംഗത്തിനെതിരെ പരാതി നല്‍കുമെന്നും വിമതവിഭാഗം നേതാവും മുന്‍ കെപിസിസി അംഗവുമായിരുന്ന കെവി സുബ്രമണ്യന്‍ പ്രതികരിച്ചു. കടുത്ത നീതിനിഷേധമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ മൂന്നു പേരടങ്ങിയ പവര്‍ ഗ്രൂപ്പില്‍ നിന്നും നേരിട്ടതെന്നും ബാങ്കിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നുമാണ് വിമതവിഭാഗം നിലപാട്.

അധിക്ഷേപ പരാമര്‍ശത്തിലുറച്ച് എൻഎൻ കൃഷ്ണദാസ്; 'അബദ്ധത്തിൽ പറഞ്ഞതല്ല, പൊട്ടിത്തെറിച്ചത് ബോധപൂര്‍വം'

'തടി വേണോ ജീവൻ വേണോ?, എന്തെങ്കിലും സംഭവിച്ചാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ല'