തിരുവനന്തപുരം: കോൺ​ഗ്രസും ബിജെപിയും ചേർന്ന് എൽഡിഎഫ് ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന സിപിഎം വാദം തടിതപ്പാനുള്ള ശ്രമം മാത്രമാണെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. സിപിഎം വാദം നിലനിൽക്കില്ല. ലൈഫ് മിഷൻ അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും  ഉന്നതരും കുടുങ്ങും എന്നുറപ്പ് ഉള്ളത് കൊണ്ടാണ് അന്വേഷണത്തെ സിപിഎം എതിർക്കുന്നത്. ഇത് തടയാനാണ് കോൺ​ഗ്രസ്സ് ബിജെപി ബന്ധം ആരോപിക്കുന്നതെന്നും സുരേന്ദ്രൻ പറ‍ഞ്ഞു.

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സംബന്ധിച്ചുള്ള സിപിഎമ്മിന്റെ പ്രതികരണം എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണ്. സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമാണ് താൻ ഇത് സംബന്ധിച്ചു പരസ്യ പ്രതികരണം നടത്തുന്നത്. 24ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, 25നാണ് താൻ ഇതിനെ പറ്റി പറയുന്നത്. മധ്യമപ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു തന്റെ പ്രതികരണം.

മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ ഒരു പങ്കും ഇല്ലെന്ന്  സർക്കാർ പറയുന്ന കേസ് വിജിലൻസ് അന്വേഷിക്കുന്നതിന് എന്തിനാണ്. ലൈഫ് മിഷനിലെ അഴിമതി മുഖ്യമന്ത്രിയുടെ  മാധ്യമ ഉപദേഷ്ടാവും ധനമന്ത്രിയും തന്നെ അംഗീകരിച്ചതാണ്. സർക്കാർ തന്നെ അംഗീകരിച്ച അഴിമതി കേസാണ് ഇത്. സിബിഐ അന്വേഷണം അട്ടിമറിക്കാൻ ആണ് വിജിലൻസ്‌ അന്വേഷണം. സിബിഐ വരുമെന്ന് ഉറപ്പായപ്പോൾ ആണ് വിജിലൻസ് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ഒരിക്കലും സെക്രട്ടേറിയറ്റിൽ നിന്ന്  ഫയലുകൾ വിജിലസിന് ശേഖരിക്കാനാവില്ല. സർക്കാർ പച്ചക്കള്ളം പറയുന്നു, പാർട്ടി അതിനെ ന്യായീകരിക്കുന്നു. 

ശിവശങ്കരനും സ്വപ്നയും വിദേശ യാത്ര നടത്തിയതിന് ശേഷം കേരളത്തിലേക്ക് പണം ഒഴുകിയിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി പണം വന്ന ബാങ്ക് അക്കൗണ്ടിലേക്ക് വേറെ പണവും വന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ എല്ലാം അന്വേഷിക്കേണ്ടി വരും. അഴിമതി പണത്തിന്റെ ഒരു പങ്ക് സിപിഎമ്മിനും ലഭിച്ചെന്ന് സംശയിക്കുന്നു. മകന് എതിരായ കേസിൽ  മറുപടി പറയാൻ കോടിയേരി ബാലകൃഷ്ണന് ധാർമിക ഉത്തരവാദിത്തം ഉണ്ട്. മാസങ്ങൾ മാത്രം ആയുസ്സ് ഉള്ള പിണറായി സർക്കാരിനെ അട്ടിമറിക്കാൻ ഒരു ശ്രമവും ഇല്ല. പക്ഷേ യു വി ജോസിനെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ പാടില്ല. രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥർ ചട്ടുകം ആകരുത്.

കോൺ​ഗ്രസിന് ഈ കേസിൽ ഉള്ള താത്പര്യം വരും ദിവസങ്ങളിൽ കുറയും. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന് നേരത്തെ സംസ്ഥാനത്ത് സമാന നടപടി ഉണ്ടായിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തായിരുന്നു പരാതിക്കാസ്പദമായ സംഭവം. വുഡ് ആൻഡ് ആഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഈ സംഭവത്തിൽ വിജിലൻസ് അന്വേഷണം പര്യാപ്തമല്ലെന്നും സിബിഐ അന്വേഷണമാകാമെന്നും നിലപാടെടുത്തത് പിണറായി സർക്കാരാണെന്നും സുരേന്ദ്രൻ പറഞ്ഞു.