Asianet News MalayalamAsianet News Malayalam

'കരുവന്നൂരിലെ ഇരവാദവും ഇഡി മർദ്ദനവും സിപിഎം തിരക്കഥ,തട്ടിപ്പിനെ ന്യായീകരിച്ച് എംവിഗോവിന്ദൻ പരിഹാസ്യനാവുന്നു'

സഹകരണമേഖലയെ കറവ പശുവാക്കി മാറ്റുന്ന സിപിഎം ,മടിയിൽ കനമുള്ളത് കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ ഭയക്കുന്നതെന്നും കെ. സുരേന്ദ്രൻ 

k surendran against MVGovindan and cpm on Karuvannoor fraud
Author
First Published Sep 22, 2023, 4:50 PM IST

തിരുവനന്തപുരം:സിപിഎം ഉന്നത നേതാക്കൾ നടത്തിയ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ പരസ്യമായി ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്വയം പരിഹാസ്യനാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നേതാക്കൾ പാവപ്പെട്ടവരുടെ പണം തട്ടിയെടുത്തതും 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതും ഗോവിന്ദൻ ന്യായീകരിക്കുകയാണ്. അഴിമതിക്കാർ കുടുങ്ങുമെന്നായപ്പോൾ പതിവ് പോലെ സിപിഎം സംസ്ഥാന സെക്രട്ടറിയും സർക്കാരും ഇഡിക്കെതിരെ ഇറങ്ങിയിരിക്കുകയാണ്. മർദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗമാണ്. കരുവന്നൂരിൽ സംസ്ഥാന സർക്കാർ സമഗ്ര അന്വേഷണം നടത്തിയെന്നാണ് സിപിഎം സെക്രട്ടറി പറയുന്നത്. തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനാണ് സർക്കാർ അന്വേഷണം നടത്തിയത്. കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചത്. സംസ്ഥാന സർക്കാരിന്റെ ഏജൻസികൾ തട്ടിപ്പുകാർക്കൊപ്പമായതു കൊണ്ടാണ് സിപിഐ ബോർഡ് മെമ്പർമാർക്ക് വരെ ഇഡി അന്വേഷണം ആവശ്യപ്പെടേണ്ടി വന്നത്. ഗോവിന്ദന്റെ ക്യാപ്സൂൾ പാർട്ടി അണികൾക്ക് പോലും ദഹിക്കാത്തതാണ്. കേന്ദ്ര സഹകരണ- ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ഗോവിന്ദന്റെ വാക്കുകൾ മറുപടി അർഹിക്കുന്നില്ല. സഹകരണമേഖലയെ കറവ പശുവാക്കി മാറ്റുന്ന സിപിഎം മടിയിൽ കനമുള്ളത് കൊണ്ടാണ് ആഭ്യന്തരമന്ത്രിയെ ഭയക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കരിമണൽ മുതലാളിയുടെ മാസസപ്പടി ലിസ്റ്റിലുള്ള പിവി പിണറായി വിജയൻ തന്നെയാണെന്ന് വ്യക്തമായിട്ടും ഗോവിന്ദൻ അല്ലെന്ന് പറയുന്നത് ഇരുട്ട്കൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്ല്യമാണ്. പിണറായി വിജയന്റെയും കുടുംബത്തിന്റെയും അഴിമതികൾ ന്യായീകരിക്കുന്ന ജോലിയാണ് എംവി ഗോവിന്ദനുള്ളത്. കേരളത്തിൽ വ്യവസായം തുടങ്ങാനുള്ള തടസം നീക്കാനാണ് മുഖ്യമന്ത്രിക്കും മകൾക്കും മറ്റ് ഭരണ-പ്രതിപക്ഷ നേതാക്കൾക്കും പണം കൊടുത്തതെന്നാണ് കരിമണൽ കമ്പനി പറയുന്നത്. അതിനെയാണ് പച്ച മലയാളത്തിൽ കൈക്കൂലി എന്ന് പറയുന്നത്.  മുഖ്യമന്ത്രി ചോദ്യങ്ങൾ ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഗോവിന്ദൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios