Asianet News MalayalamAsianet News Malayalam

'വിജിലൻസ് വരുന്നത് കേന്ദ്ര അന്വേഷണം അട്ടിമറിക്കാൻ';കേരളത്തെ ഉത്തരകൊറിയ ആക്കാനുള്ള ശ്രമമെന്ന് കെ.സുരേന്ദ്രൻ

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കം ഫാസിസമാണ്. സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമങ്ങളെ ചീഫ് സെക്രട്ടറിയെ ഉപയോഗിച്ച് പുറത്താക്കിയതിൻ്റെ തുടർച്ചയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. 

k surendran against vigilance investigation in life mission case
Author
Thiruvananthapuram, First Published Sep 23, 2020, 1:19 PM IST

തിരുവനന്തപുരം: ലൈഫ് പദ്ധതി തട്ടിപ്പ് വിജിലൻസ് അന്വേഷിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിൽ കേന്ദ്ര ഏജൻസികൾ വിശദമായ അന്വേഷണം നടത്തുമ്പോൾ വിജിലൻസിനെ ഇറക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണ്. ലൈഫിൽ കമ്മീഷൻ ലഭിച്ചത് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണെന്ന ആരോപണം നിലനിൽക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തുന്നത് ദുരൂഹമാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.  

റെഡ്ക്രസൻ്റുമായുള്ള കരാർ സംസ്ഥാനം ഒപ്പിട്ടത് കേന്ദ്രസർക്കാർ അറിയാതെയാണെന്നിരിക്കെ വിജിലൻസ് അന്വേഷണം പ്രഹസനമാണ്. ലൈഫ് കരാർ ഇതുവരെ പുറത്തുവിടാത്ത സർക്കാർ ഇപ്പോൾ വിജിലൻസിനെ ഉപയോഗിച്ച് രേഖകൾ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസിയുമായി സഹകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ആരോപണത്തിൻ്റെ കുന്തമുന തനിക്കെതിരെ തിരിഞ്ഞപ്പോൾ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കം ഫാസിസമാണ്. സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമങ്ങളെ ചീഫ് സെക്രട്ടറിയെ ഉപയോഗിച്ച് പുറത്താക്കിയതിൻ്റെ തുടർച്ചയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി വിമർശിക്കുന്നവർക്കെതിരെ പ്രതികാര നടപടിയുമായി മുന്നോട്ട് പോവുകയാണ്. കേരളത്തെ ഉത്തരകൊറിയ ആക്കാനുള്ള പിണറായി വിജയൻ്റെ നടപടിക്കെതിരെ ജനാധിപത്യ രീതിയിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios