Asianet News MalayalamAsianet News Malayalam

ജുഡീഷ്യൽ അന്വേഷണത്തിന് സ്റ്റേ; പിണറായി സർക്കാരിന്‍റെ മുഖത്തേറ്റ പ്രഹരമെന്ന് കെ. സുരേന്ദ്രൻ

ഡോളർ കടത്തിന്റേയും സ്വർണ്ണക്കടത്തിന്റെയും സൂത്രധാരൻ മുഖ്യമന്ത്രിയായതു കൊണ്ടാണ് ഭരണഘടനാവിരുദ്ധമായ കാര്യം അദ്ദേഹം നടത്തിയതെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു.

k surendran criticise ldf government and pinarayi vijayan
Author
Kozhikode, First Published Aug 11, 2021, 6:37 PM IST

കോഴിക്കോട്: ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സർക്കാരിന്റെ മുഖത്തേറ്റ വലിയ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോടതി വിധി സർക്കാരിന് വലിയ തിരിച്ചടിയാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അധികാര ദുർവിനിയോ​ഗവും അമിതാധികാര പ്രയോ​ഗവുമാണ് പിണറായി വിജയൻ നടത്തിയതെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.

രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് സർക്കാർ കേന്ദ്ര ഏജൻസിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. സർക്കാരിന്റെ ബാലിശമായ നീക്കത്തിനാണ് കോടതിയിൽ നിന്നും തിരിച്ചടിയേറ്റത്. ഡോളർ കടത്തിന്റേയും സ്വർണ്ണക്കടത്തിന്റെയും സൂത്രധാരൻ മുഖ്യമന്ത്രിയായതു കൊണ്ടാണ് ഭരണഘടനാവിരുദ്ധമായ കാര്യം അദ്ദേഹം നടത്തിയത്. മടിയിൽ കനമുളളത് കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമാവാതെ അന്വേഷണത്തിൽ നിന്നും ജുഡീഷ്യൽ കമ്മിഷൻ സ്വമേധയാ പിന്മാറണം. പിണറായി വിജയനും സർക്കാരും പല താത്പര്യങ്ങളും സംരക്ഷിക്കാനുണ്ടെന്ന് അദ്ദേഹം തിരിച്ചറിയണം. ഡോളർക്കടത്ത് കേസിലെ പ്രതി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് നൽകിയ മൊഴി ഞെട്ടിക്കുന്നതാണ്. വിദേശയാത്രയ്ക്കിടെ മുഖ്യമന്ത്രി ഡോളർ കടത്തിയെന്ന മൊഴി ​ഗൗരവതരമാണ്. ഇതിന് തടയിടാനാണ് മുഖ്യമന്ത്രി കേന്ദ്ര ഏജൻസികൾക്കെതിരെ ഒരു മുഴം മുമ്പേ എറിഞ്ഞത്. ഇതാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. 

തിരുവനന്തപുരം അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരും കരിപ്പൂർ സ്വർണ്ണക്കടത്തുകാരുമായി ബന്ധമുണ്ട്. രണ്ട് സംഘത്തിനും സിപിഎമ്മിന്റെ ഉന്നത നേതാക്കാളുമായി അടുത്ത ബന്ധമാണുള്ളത്. പാക്കിസ്ഥാൻ നിയന്ത്രിക്കുന്ന സമാന്തര ടെലിഫോൺ എക്സേഞ്ചുകളാണ് ഇവർ ഉപയോ​ഗിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മുസ്ലിംലീ​ഗിന്റെ അഴിമതി ഇപ്പോൾ പുറത്തുവന്ന കാര്യങ്ങളിൽ മാത്രം ഒതുങ്ങില്ല. പാലാരിവട്ടം പാലത്തിന്റെ അഴിമതി പണമായ 10 കോടി ചന്ദ്രിക പത്രം വഴി വെളുപ്പിച്ച കേസാണ് ഇപ്പോൾ പുറത്ത് വന്നത്- സുരേന്ദ്രന്‍ പറഞ്ഞു. 

മലപ്പുറത്തെ സിപിഎം നേതാവ് ചെയർമാനായ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ മകന് ഏഴുകോടിയുടെ നിക്ഷേപമുണ്ട്. പാണക്കാട്ട് തങ്ങൾക്ക് ഇഡി അയച്ച നോട്ടീസും തങ്ങളുടെ മകൻ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ശബ്ദരേഖയും ജലീലിന്റെ കൈയ്യിലുണ്ട്. ലീ​ഗിലെ ഏത് വിഭാ​ഗം ആദ്യം ഇടതുമുന്നണിയിൽ പോകുമെന്നേ ഇനി അറിയാനുള്ളൂ. മുസ്ലിംലീ​ഗിന് ഇനി വലിയ ഭാവിയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios