എ കെ ബാലന്‍റെ വിവാദ പ്രസ്താവനക്കെതിരെ പാലക്കാട് ജില്ല കമ്മിറ്റിയിൽ രൂക്ഷ വിമർശനം

പാലക്കാട്:എ കെ ബാലന്‍റെ വിവാദ പ്രസ്താവനക്കെതിരെ പാലക്കാട് ജില്ല കമ്മിറ്റിയിൽ രൂക്ഷ വിമർശനം. ജമാഅത്തെ ഇസ്ലാമിക്കെതിരായ പ്രസ്താവന ഒഴിവാക്കണമായിരുന്നു എന്നും എ കെ ബാലൻ വാ തുറന്നാൽ പാർട്ടിക്ക് വോട്ട് പോവും, ചുമതലയില്ലാത്ത ബാലൻ എന്തിന് മാധ്യമങ്ങളെ കാണണം. അബദ്ധ പ്രസ്താവനകൾ നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കരുത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെടിഡിസി ചെയർമാൻ പി കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യവും കമ്മിറ്റിയിൽ ഉയർന്നു. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ശശി വർഗ വഞ്ചകനാണെന്നും ഇനിയും പാർട്ടിയിൽ വെച്ചു പൊറുപ്പിക്കരുത്, ഇത് പാർട്ടിയ്ക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരവകുപ്പ് ഭരിക്കുമെന്നായിരുന്നു എകെ ബാലന്‍റെ പ്രസ്താവന. ഈ പ്രസ്താവന വർഗ്ഗീയ കലാപം ഉണ്ടാക്കാനാണെന്ന് പ്രതിപക്ഷനേതാവ് പ്രതികരിച്ചിരുന്നു. സിപിഎമ്മിൻറെ അറിവോടെയാണ് ബാലൻറെ പ്രതികരണം എന്നും ഇത്തരം അഭിപ്രായം സിപിഐക്ക് ഉണ്ടോയെന്ന് ബിനോയ് വിശ്വം വ്യക്തമാക്കണമെന്നും വിഡി സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. പിന്നാലെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. 

YouTube video player