Asianet News MalayalamAsianet News Malayalam

രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് ഇരട്ടനീതി, വോട്ട് ബാങ്ക് രാഷ്ട്രീയം, തീവ്ര ചിന്താഗതിക്കാരെ സഹായിക്കാൻ: ബിജെപി

യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തത്

K Surendran criticises police for registering FIR against Rajeev Chandrasekhar kgn
Author
First Published Oct 31, 2023, 10:56 AM IST

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേരളാ പൊലീസ് കേസെടുത്ത നടപടിയെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനാണ് കേസെടുത്തതെന്നും ഇരട്ടനീതിയാണെന്നും വിമർശിച്ച അദ്ദേഹം പൊലീസ് നടപടി സംസ്ഥാന സർക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടുള്ളതാണെന്നും വിമർശിച്ചു. മലപ്പുറത്ത് ഹമാസ് നേതാവ് പങ്കെടുത്ത റാലിക്കെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും പൊലീസ് കേസെടുത്തില്ല. എന്നാൽ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നും രാജ്യസ്നേഹമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കളമശേരി കൺവൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ഇവ. 

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മുഖ്യമന്ത്രിയും തമ്മിൽ വാക്പോര് നടന്നതിന് പിന്നാലെയാണ് കേരളാ പൊലീസ് കേസെടുത്തത്. വിധ്വംസക ശക്തികള്‍ക്കെതിരെ പ്രതികരിച്ച തന്നെ മുഖ്യമന്ത്രി വര്‍ഗീയവാദിയെന്ന് വിളിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. അഴിമതിയും പ്രീണനവും ചൂണ്ടിക്കാട്ടുമ്പോൾ വർഗീയവാദി എന്ന് പറഞ്ഞ് രക്ഷപ്പെടാൻ അനുവദിക്കില്ല. എന്നാൽ കേന്ദ്രമന്ത്രി ചീറ്റിയത് വെറും വിഷമല്ല കൊടുംവിഷമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്രമന്ത്രിക്ക് അന്വേഷണ ഏജന്‍സികളിൽ വിശ്വാസം വേണമെന്ന് പറഞ്ഞ അദ്ദേഹം വിഷമെന്ന് വിളിച്ചത് കേന്ദ്രമന്ത്രിയും കൂട്ടരും അലങ്കാരമായി കാണണമെന്നും പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios