Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് തോറ്റു? അഞ്ച് സമിതികളുടെ റിപ്പോര്‍ട്ടുമായി സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ ഇന്ന് കാണും

തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടുള്ള അഞ്ച് സമിതികളുടെ റിപ്പോര്‍ട്ട് സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിന് കൈമാറും. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഘടകത്തില്‍ കേന്ദ്ര നേതൃത്വം അഴിച്ചുപണിക്ക് നിർദേശിക്കും.

k surendran meet central leaders with report on kerala assembly election defeat
Author
Delhi, First Published Sep 22, 2021, 10:49 AM IST

ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടുള്ള അഞ്ച് സമിതികളുടെ റിപ്പോര്‍ട്ട് സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിന് കൈമാറും. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഘടകത്തില്‍ കേന്ദ്ര നേതൃത്വം അഴിച്ചുപണിക്ക് നിർദേശിക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുമായും സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് അടക്കം മാറ്റമുണ്ടാകുമെന്ന അഭ്യൂഹം നിലനില്‍ക്കേ കൂടിയാണ് കൂടിക്കാഴ്ചയെന്നുള്ളതാണ് ശ്രദ്ധേയം. അതേസമയം, മുപ്പത്തിയഞ്ച് സീറ്റ് നേടിയാൽ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്‍റെ പ്രസ്താവന ബിജെപിക്ക് വലിയ തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ നിയോഗിച്ച ബിജെപി സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

ഒ രാജഗോപാലിന്‍റെ പ്രസ്താവനകള്‍ നേമത്തും പൊതുവിലും  പാര്‍ട്ടിക്ക് ദോഷം ചെയ്തു. നേതൃത്വത്തിന്‍റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. നാല് ജനറൽ സെക്രട്ടറിമാരുടേയും ഒരു വൈസ് പ്രസിഡന്‍റിന്‍റെയും നേതൃത്വത്തിലാണ്  നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെക്കുറിച്ച് ബിജെപി പഠിച്ചത്. സംസ്ഥാന നേതത്വത്തിന്‍റേയും മുതിര്‍ന്ന നേതാക്കളുടേയും വിഴ്ചകള്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന സുരേന്ദ്രന്‍റെ പ്രസ്താവന തിരച്ചടിയായി. ബിജെപിയും കോൺഗ്രസും ധാരണ എന്ന ചിന്ത ജനങ്ങളിൽ ഉണ്ടാക്കി. എൽഡിഎഫ് ന്യൂനപക്ഷങ്ങളിൽ ഇത് ഫലപ്രദമായി ഉപയോഗിച്ചു. കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് വീഴ്ചയായി. രണ്ട് മണ്ഡലത്തിലും ശ്രദ്ധ ലഭിച്ചില്ല. ഒ രാജഗോപാൽ അടക്കം മുതിർന്ന നേതാക്കളുടെ പ്രസ്താവന നേമത്ത്  ദോഷം ചെയ്തു. ഒ രാജഗോപാലിന് നേമത്ത് ജനകീയ എംഎൽഎ ആകാനായില്ല.

നേമം ഗുജറാത്താണെന്ന  കുമ്മനത്തിന്‍റെ പ്രസ്താവന സംസ്ഥാനത്താകെ ന്യൂനപക്ഷങ്ങളില്‍ ചര്‍ച്ചയായി. ശബരിമലയും സ്ഥാനാർഥി പ്രഖ്യാപനത്തിലെ പ്രതിസന്ധിയും കഴക്കൂട്ടത്ത് തിരിച്ചടിയായി. കഴക്കൂട്ടത്ത് പാർട്ടിയും സ്ഥാനാർത്ഥിയും സമാന്തരമായി പ്രചാരണം നടത്തി. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതോടെ ബിജെപിക്ക് മണ്ഡലത്തിലെ സാധ്യതകൾ നഷ്ടമായി. ബിജെപി ഇറക്കുമതി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുവെന്ന ചിന്ത കൃഷ്ണകുമാറിന് തിരിച്ചടിയായി. ഇങ്ങനെയായിരുന്നു റിപ്പോ‌ട്ടിലെ കണ്ടെത്തലുകൾ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios