തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതല ഏറ്റു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കൽ ചടങ്ങ്. ബിജെപിയുടെ പുതുയുഗത്തിന്‍റെ തുടക്കമാണെന്നായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ പ്രതികരണം. 

കേന്ദ്രമന്ത്രി വി മുരളീധരന് പുറമെ അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജ , എംഎൽഎ ഒ രാജഗോപാൽ എന്നിവരടക്കം മുതിര്‍ന്ന നേതാക്കൾ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ഏറെ കാലമായി പാര്‍ട്ടിയോട് അകന്ന് കഴിയുന്ന പിപി മുകുന്ദൻ അടക്കം മുതിര്‍ന്ന നേതാക്കളും കെ സുരേന്ദ്രന്‍റെ പ്രത്യേക താൽപര്യ പ്രകാരം തിരുവനന്തപുരത്ത് എത്തിയിരുന്നു. 

അതേസമയം മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ശോഭ സുരേന്ദ്രനും ചടങ്ങിനെത്തിയില്ല. കുമ്മനം രാജശേഖരനും ശോഭ സുരേന്ദ്രനും ചടങ്ങിനെത്തിയില്ല. നേതാക്കളുടെ വിട്ടുനിൽക്കൽ വിവാദമായതിന് പിന്നാലെ ചടങ്ങ് തീരാനിരിക്കെ എഎൻ രാധാകൃഷ്ണനും എംടിരമേശും ഓഫീസിലേത്തി. സുരേന്ദ്രൻ ചുമതലയേൽക്കുമ്പോൾ ഒരു സ്വകാര്യ ചാനലിന്‍റെ സംവാദ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എഎ ൻ രാധാകൃഷ്ണൻ . വേദിയിലുണ്ടായിരുന്ന സംഘടനാ സെക്രട്ടറി ഗണേഷ് വിട്ടുനിന്ന നേതാക്കളെഫോണിൽ വിളിച്ചതായി സൂചനയുണ്ട്. മറ്റു പരിപാടികളുള്ളതിനാൽ സ്ഥാനമേറ്റെടുക്കൽ ചടങ്ങിനെത്തില്ലെന്ന് കുമ്മനം രാജശേഖരൻ അറിയിച്ചിരുന്നെന്നാണ് വിശദീകരണം.

ഇടവേളക്ക് ശേഷം അധ്യക്ഷസ്ഥാനക്കേക്ക് എത്തിയ കെ സുരേന്ദ്രന് ആവേശകരമായ വരവേൽപ്പാണ് ബിജെപി പ്രവര്‍ത്തകര് ഒരുക്കിയത്. രാവിലെ തമ്പാനൂര്‍ റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ കെ സുരേന്ദ്രനെ സ്വീകരിക്കാൻ നിരവധി പ്രവര്‍ത്തകരാണ് കാത്തുനിന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിവി രാജേഷിന്‍റെ നേതൃത്വത്തിൽ വലിയ സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെയായിരുന്നു കുന്നുകുഴിയിലേക്കുള്ള യാത്ര. 

പിഎസ് ശ്രീധരൻ പിള്ള സ്ഥാനമൊഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷമാണ് കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം പ്രഖ്യാപിക്കുന്നത്. സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ അധ്യക്ഷൻ കൂടിയാണ് കെ സുരേന്ദ്രൻ. 

തുടര്‍ന്ന് വായിക്കാം: എംടി രമേശിനും എഎൻ രാധാകൃഷ്ണനും എതിര്‍പ്പ്; കെ സുരേന്ദ്രന് കീഴിൽ തുടരില്ല, ബിജെപിയിൽ അടി...

ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ പാര്‍ട്ടിയും സംഘടനയും കടന്ന് പോകുന്നതിനിടെയാണ് ബിജെപിയുടെ അമരത്തേക്ക് കെ സുരേന്ദ്രന്‍റെ വരവ്. പൗരത്വ നിയമഭേദദതി അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വിരുദ്ധ സമരങ്ങളുടെ മുൻ നിരയിൽ നിൽക്കുകയാണ് കേരളം. മാത്രമല്ല ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും അതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും എല്ലാം വരാനിരിക്കെ പാര്‍ട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തി എടുക്കുക എന്ന വലിയ ഉത്തരവാദിത്തവും കെ സുരേന്ദ്രന് മുന്നിലുണ്ട്. പാര്‍ട്ടിക്കകത്തെ അസംതൃ്പതരെ കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകുകയെന്ന വലിയ വെല്ലുവിളിയും കെ സുരേന്ദ്രനെ കാത്തിരിക്കുന്നുണ്ട്.

തുടര്‍ന്ന് വായിക്കാം: പഠിച്ചത് രസതന്ത്രം പയറ്റിത്തെളിയാൻ രാഷ്ട്രീയം; കെ സുരേന്ദ്രൻ ബിജെപിയെ നയിക്കാനെത്തുമ്പോൾ ...