തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയില്‍ ഒരു വിഷയത്തിന് തോറ്റ വിദ്യാര്‍ത്ഥിക്ക് പുനര്‍മൂല്യനിര്‍ണ്ണയം നടത്തി കൂടുതല്‍ മാര്‍ക്ക് നല്‍കിയത് ചട്ടപ്രകാരം സമിതിയെ നിയോഗിച്ചാണെന്ന് മന്ത്രി കെ ടി ജലീല്‍. എല്ലാ പരീക്ഷകളിലും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥി ഒരു വിഷയത്തിന് മാത്രം തോറ്റത് മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകരുടെ പിഴവ് കൊണ്ടുമാത്രമാണ്. 

പേപ്പർ വാല്യൂ ചെയ്ത അധ്യാപകരെ കണ്ടെത്തി ഡീബാര്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു. പേപ്പർ ആദ്യം പരിശോധിച്ചതിലും പുനഃപരിശോധന നടത്തിയതിലും പിഴവ് സംഭവിച്ചു. സമിതിയെ നിയോഗിച്ചില്ലായിരുന്നെങ്കിൽ അത് നീതി നിഷേധം ആയേനെയെന്നും മന്ത്രി പറഞ്ഞു. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാ‍ർത്ഥി ശ്രീഹരി തോറ്റപേപ്പറില്‍ ജയിച്ചത് മന്ത്രിയുടെ ഇടപെടല്‍ മൂലമെന്നാണ് ആരോപണം.  

അഞ്ചാം സെമസ്റ്റർ ഡൈനാമിക്സ് ഓഫ് മെഷനറീസ് പരീക്ഷയ്ക്ക് ശ്രീഹരിക്ക് കിട്ടിയിത് 29 മാർക്ക്. പുനർമൂല്യനിർണ്ണയത്തിന് ശേഷം 32 മാര്‍ക്ക് ലഭിച്ചെങ്കിലും ജയിക്കാൻ വേണ്ടത് 45 മാർക്ക്. വീണ്ടും മൂല്യനിർണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടം അനുവദിക്കുന്നില്ലെന്ന് സാങ്കേതിക സർവ്വകലാശാല മറുപടി നൽകി.

ഇതോടെയാണ് മന്ത്രിയെ നേരിട്ട് സമീപിച്ചത്. 2018 ഫെബ്രുവരി 27ന് ചേർന്ന അദാലത്തിൽ മന്ത്രി കെ ടി ജലീൽ നേരിട്ട് പങ്കെടുത്തു. വിഷയം പ്രത്യേകം കേസായി പരിഗണിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. മന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെയുള്ള പുനർമൂല്യ നിർണ്ണയത്തിൽ 32മാർക്ക് 48 ആയി കൂടിയതോടെ തോറ്റ പേപ്പ‌റിൽ ശ്രീഹരി ജയിച്ചു.