Asianet News MalayalamAsianet News Malayalam

'ആസാദ് കശ്മീർ' പരാമർശത്തിൽ ജലീൽ ഒറ്റപ്പെടുന്നു; രാജ്യദ്രോഹ പരാമർശമെന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി

കെ.ടി.ജലീലിനെതിരെ രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രനും പി.കെ.കൃഷ്ണദാസും; പിന്തുണയ്ക്കാതെ സിപിഎം മന്ത്രിമാർ; ഇൻവേർട്ടഡ് കോമയിലെഴുതിയ വാക്കെന്ന് കെ.ടി.ജലീൽ

Union Minister Pralhad Joshi slams Kerala Ex Minister K T Jaleel over Azad Kashmir remark
Author
Thiruvananthapuram, First Published Aug 13, 2022, 1:34 PM IST

തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി.ജലീലിന്റെ കശ്മീർ പരാമ‍ർശത്തിൽ വിവാദം കൊഴുക്കുന്നു. മന്ത്രി നടത്തിയത് രാജ്യദ്രോഹപരമായ പരാമർശമാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസും ജലീലിനെ വിമർശിച്ച് രംഗത്തെത്തി. പരാമർശം വിവാദമായതോടെ താൻ ഇൻവെർട്ട‍ഡ് കോമയിൽ നൽകിയ ആസാദ് കശ്മീ‍ർ പരാമർശം വിമർശകർക്ക് മനസ്സിലായില്ലെന്ന് സഹതപിച്ച് ജലീലിന്റെ വിശദീകരണം എത്തി. ജലീലിന്റെ പരാമർശങ്ങളിൽ പിന്തുണ പ്രഖ്യാപിക്കാതെയായിരുന്നു ഇടത് മന്ത്രിമാരുടെ പ്രതികരണം.

വിശദീകരണവുമായി കെ.ടി.ജലീൽ

കശ്മീ‍ർ പരാമർശ വിവാദം ചൂട് പിടിക്കുകയാണെങ്കിലും കെ.ടി.ജലീലിന് കുലുക്കമില്ല. ഡബിൾ ഇൻവെട്ടഡ് കോമയിൽ ആസാദ് എന്നെഴുതിയാൽ അതിന്റെ അ‍ർത്ഥം മനസ്സിലാകാത്തവരോട് സഹതാപം  മാത്രം എന്നാണ് ജലീലിന്റെ പുതിയ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്  വിശദീകരണം എത്തിയത്. എന്നാൽ കശ്മീർ വിഭജിച്ചു, ഇന്ത്യൻ അധീന കശ്മീ‍ർ തുടങ്ങിയ മറ്റു വിവാദ പരാമ‍ർശങ്ങളെ കുറിച്ച് ജലീൽ പ്രതികരിച്ചില്ല. ഇതിനു പിന്നാലെയാണ് വിവാദം ഏറ്റുപിടിച്ച് കേന്ദ്ര മന്ത്രി തന്നെ രംഗത്തെത്തിയത്. ജലീലിന്റേത്  രാജ്യദ്രോഹ പരാമർശമാണെന്നും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും  പ്രൾഹാദ് ജോഷി  ആവശ്യപ്പെട്ടു. രാജ്യ താൽപര്യത്തിന് വിരുദ്ധമാണ് പരാമർ‍ശമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

രാജ്യം മുഴുവൻ കേസെടുക്കണമെന്ന് സുരേന്ദ്രൻ

കെ.ടി.ജലീലിനെതിരെ പൊലീസ് കേസെടുക്കാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജലീൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണം. രാജി വയ്ക്കാത്ത പക്ഷം ജലീലിന്റെ രാജി സ്പീക്കർ ആവശ്യപ്പെടണം. ആസാദി കാ അമൃത് മഹോത്സവത്തിൽ കല്ലുകടി ഉണ്ടാക്കാനായിരുന്നു ശ്രമം. പരാമർശത്തിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധവും കേസുകളും ഉണ്ടാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

കെ.ടി.ജലീലിന്റെ പാക്കിസ്ഥാൻ അനുകൂല നിലപാട് കേന്ദ്ര ആഭ്യന്തര വകുപ്പിനെ അറിയിക്കുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ജലീലിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം. ജലീൽ എംഎൽഎയായി തുടരരുതെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ വക്കാലത്താണ് കെ.ടി.ജലീൽ ഏറ്റെടുത്തത്. പാക് മനസ്സുള്ളവർക്ക് പ്രവർത്തിക്കാൻ പറ്റിയതാണ് സിപിഎം എന്ന് ഇതിലൂടെ വ്യക്തമായതായും കൃഷ്ണദാസ് പറഞ്ഞു. 

മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ്

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ജലീലിനെതിരെ രംഗത്തെത്തി. കെ.ടി.ജലീൽ നടത്തിയത് പ്രതിഷേധാർഹമായ പരാമർശമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. പാകിസ്ഥാൻ അവരുടെ നയതന്ത്ര വേദികളിൽ ഉപയോഗിക്കുന്ന വിശേഷണം ആണ് ജലീൽ ഉപയോഗിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെ ആണോ ഇത്തരം പരാമർശം എന്നും സതീശൻ ചോദിച്ചു. ജലീലിന്റെ പരാമർശത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന്  യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

പിന്തുണയ്ക്കാതെ മന്ത്രിമാർ

ജലീലിന്റെ പരാമർശത്തെ സിപിഎമ്മോ സ‍ർക്കാരോ പിന്തുണച്ചില്ല എന്നതും ശ്രദ്ധേയമായി. മന്ത്രിമാരായ പി.രാജീവും എം.വി.ഗോവിന്ദനും വിവാദ പരാമ‌ശങ്ങളിൽ ജലീലിനെ പിന്തുണച്ചില്ല. സിപിഎമ്മിനും സർക്കാരിനും ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെന്ന് പി.രാജീവ് പറഞ്ഞു. പരിശോധിച്ച് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.ടി.ജലീലിനെ തള്ളി മന്ത്രി എം.വി.ഗോവിന്ദനും രംഗത്തെത്തി. ഇന്ത്യൻ അധീന കശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല. ജലീൽ എന്ത് സാഹചര്യത്തിലാണ് പറഞ്ഞത് എന്ന് ജലീൽ വിശദീകരിക്കട്ടെ എന്ന് മന്ത്രി പറഞ്ഞു. കശ്മീർ വിഷയത്തിൽ സിപിഎമ്മിന് പ്രഖ്യാപിത നിലപാട് ഉണ്ടെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. 
 

Latest Videos
Follow Us:
Download App:
  • android
  • ios