Asianet News MalayalamAsianet News Malayalam

കെ വി തോമസിന് ക്യാബിനറ്റ് റാങ്കോടെ നിയമനം, ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി

കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ വി തോമസ് പുറത്തേക്ക് പോയത്. 

k v thomas  appointed as government s special representative in delhi
Author
First Published Jan 19, 2023, 12:13 PM IST

തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ദില്ലിയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം. ക്യാബിനറ്റ് പദവിയോടെയുള്ള നിയമനത്തിന് തീരുമാനമെടുത്തത് മന്ത്രിസഭായോഗമാണ്. അച്ചടക്ക ലംഘനത്തിന് കോൺഗ്രസ് നടപടിയെടുത്ത കെ വി തോമസിന് എട്ടുമാസത്തിന് ശേഷമാണ് പദവി. സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായ സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെയായിരുന്നു കോൺഗ്രസും തോമസും തമ്മിലെ അകൽച്ച വർദ്ധിച്ചത്.  

തൃക്കാക്കര ഉപതരെഞ്ഞെടുപ്പിൽ ഇടത് കൺവെൻഷനിൽ നേതൃത്വത്തെ വെല്ലുവിളിച്ച് കെ വി തോമസ് എത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍ സംഭവിച്ചത്. തൃക്കാക്കരയിലെ ഇടതിന്‍റെ വമ്പൻ തോൽവിയും തോമസിന്‍റെ പദവി നീണ്ടുപോകുന്നതും ഉന്നയിച്ച് തോമസിനെതിരെ കോൺഗ്രസ് നിരയിൽ നിന്നുയർന്നത് വലിയ പരിഹാസമായിരുന്നു. ഒടുവിലാണിപ്പോൾ ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം. നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചിരിക്കുന്നത്. 

ഒന്നരലക്ഷത്തോളെം ശമ്പളം വീടും വാഹനവും പേഴ്സണല്‍ സ്റ്റാഫും ഉണ്ടാകും തോമസിന് ഉണ്ടാകും. ദില്ലിയിൽ സംസ്ഥാന സർക്കാരിന്‍റെ രണ്ടാം പ്രതിനിധിയായാണ് തോമസെത്തുന്നത്. നിലവിൽ നയതന്ത്രവിദഗ്ധൻ വേണു രാജാമണി ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി ഓവർസീസ് പദവിയിലുണ്ട്. കേന്ദ്ര സർക്കാരില്‍ നിന്നും സംസ്ഥാനത്തിനുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക എന്നതടക്കമുള്ള ചുമതലയാണ് പ്രത്യേക പ്രതിനിധിക്കെന്നായിരുന്നു സമ്പത്തിന്‍റെ നിയമന സമയത്ത് സർക്കാർ വിശദീകരിച്ചിരുന്നത്. തോമസിന്‍റെ പദവി സിപിഎമ്മിന്‍റെ ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ എതിർചേരി വിട്ടുവരുന്നവരെ സംരക്ഷിക്കുമെന്ന ഉറപ്പാണ് സിപിഎം നല്‍കുന്നത്.

Follow Us:
Download App:
  • android
  • ios