22 ദിവസത്തെ സിസിടിവി ബാക്ക് അപ്പ് ഉണ്ടെന്നും പൊലീസ് ദൃശ്യങ്ങൾ കൊണ്ടു പോയെന്നും കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
പാലക്കാട് : വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ച് അധ്യാപന ജോലിക്കുള്ള അഭിമുഖത്തിനായി അട്ടപ്പാടി കോളേജിൽ മുൻ എസ് എഫ് ഐ നേതാവ് വിദ്യയെത്തിയ ദിവസത്തെ സിസിടിവി ദൃശ്യത്തിന്റെ പേരിൽ ഒളിച്ചുകളി. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ വിദ്യയെത്തുന്ന ദൃശ്യങ്ങളില്ലെന്ന് വിശദീകരിച്ച പൊലീസിനെ തള്ളി കോളേജ് പ്രിൻസിപ്പൽ രംഗത്തെത്തി. 22 ദിവസത്തെ സിസിടിവി ബാക്ക് അപ്പ് ഉണ്ടെന്നും പൊലീസ് ദൃശ്യങ്ങൾ കൊണ്ടു പോയെന്നും കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.വിദ്യ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങളുമുണ്ടെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു.
ദിവ്യയെത്തുന്ന സിസി ടിവി ദൃശ്യങ്ങൾ കോളേജിൽ ലഭ്യമല്ലെന്നായിരുന്നു പരിശോധനയ്ക്ക് എത്തിയ അഗളി സിഐയുടെ വിശദീകരണം. സിസിടിവിയിൽ ആറ് ദിവസത്തെ ബാക്ക് അപ് മാത്രമാണുള്ളത്. വിദ്യയെ ചോദ്യം ചെയ്താൽ മാത്രം കൂടുതൽ വിവരം കിട്ടൂവെന്നും പൊലീസ് അറിയിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് കോളേജും പൊലീസും പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുന്നത് മാധ്യമങ്ങളിലുടെ പുറത്ത് വന്നതോടെ കോളേജ് പ്രിൻസിപ്പൽ മൊഴി മാറ്റി മാറ്റി പറയുന്നുവെന്ന ആരോപണവുമായി അഗളി പൊലീസ് രംഗത്തെത്തി. കോളേജ് അധികൃതർ മൊഴി മാറ്റിപ്പറയുന്നത് തടയാൻ അട്ടപ്പാടി പ്രിൻസിപ്പാളിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അഗളി ഡിവൈഎസ്പി അറിയിച്ചു. ഇൻ്റർവ്യൂ ബോർഡിലെ മറ്റ് അംഗങ്ങളുടെയും രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് സിജെഎം കോടതിയിൽ നാളെ അപേക്ഷ സമർപ്പിക്കും. വെള്ളിയാഴ്ച തെളിവെടുപ്പിന് എത്തിയപ്പോൾ സിസിടിവിക്ക് 5 ദിവസത്തെ ബാക്ക് അപ് മാത്രമെന്നാണ് കേളേജ് അധികൃതർ പറഞ്ഞത്. ഇപ്പോൾ വ്യത്യസ്തമായ അഭിപ്രായം എന്തു കൊണ്ടെന്ന് അറിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
വ്യാജ പ്രവൃത്തി പരിചയ രേഖ നിർമ്മിച്ച കേസിൽ അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തി. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ബോർഡിലുണ്ടായിരുന്ന എല്ലാവരും ചേർന്നാണ് വ്യാജ രേഖയെന്ന നിഗമനത്തിലെത്തിയതെന്നാണ് പ്രിൻസിപ്പലിന്റെ മൊഴി.
2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലുമെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ രേഖാമൂലം മഹാരാജസ് കോളേജിനോട് വിവരം തേടി. വിദ്യ അധ്യാപികയായിരുന്നില്ലെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ രേഖാമൂലം മറുപടി നൽകി. അന്ന് വൈകീട്ട് പൊലീസിൽ പരാതിയും നൽകി.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം

