Asianet News MalayalamAsianet News Malayalam

'ഇനി തോറ്റു പോയാൽ അവാർഡ് ബാധ്യതയാകും'; ശൈലജ ടീച്ചറെ കാണാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍റെ കുറിപ്പ്

കഴിഞ്ഞ നിപാ കാലത്താണ് ശൈലജ ടീച്ചര്‍ എന്ന കേരളത്തിന്‍റെ ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനമികവ് കേരളം തിരിച്ചറിഞ്ഞത്. അവുരുടെ പ്രവര്‍ത്തനവും ഏകോപനവുമടക്കം നമ്മള്‍ പലപ്പോഴും വായിച്ചും കണ്ടും കേട്ടുമെല്ലാം അറിഞ്ഞതുമാണ്.

ka shaji facebook post about minister shailaja teacher
Author
Kerala, First Published Mar 12, 2020, 3:53 PM IST

തിരുവനന്തപുരം: കഴിഞ്ഞ നിപാ കാലത്താണ് ശൈലജ ടീച്ചര്‍ എന്ന കേരളത്തിന്‍റെ ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനമികവ് കേരളം തിരിച്ചറിഞ്ഞത്. അവുരുടെ പ്രവര്‍ത്തനവും ഏകോപനവുമടക്കം നമ്മള്‍ പലപ്പോഴും വായിച്ചും കണ്ടും കേട്ടുമെല്ലാം അറിഞ്ഞതുമാണ്. അതു തന്നെയാണ് ടീച്ചര്‍ക്ക് ഇപ്പോള്‍ ബാധ്യതയാകുന്നതും. പലപ്പോഴും മന്ത്രി പോലും അറിയാത്ത, എന്നാല്‍ അവര്‍ മാത്രം വിഷയമാകുന്ന തരത്തില്‍ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതിനിടയില്‍ മാധ്യമ പ്രവര്‍ത്തകനായ കെ എ ഷാജി ഫേസ്ബുക്കിലെഴുതിയ ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. എന്താണ് ഷൈലജ ടീച്ചറെന്നും അവരുടെ പെരുമാറ്റ രീതി എന്താണെന്നും തുടങ്ങി ഒരു അഭിമുഖത്തിനായി പോയപ്പോഴുള്ള അനുഭവം കുറിക്കുകയാണ് അദ്ദേഹം.

കുറിപ്പ് വായിക്കാം


കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ ഒരഭിമുഖം എടുക്കാമോയെന്ന് ഹഫിംഗ്ടൺ പോസ്റ്റിന്റെ പത്രാധിപ സമിതി ചോദിച്ചപ്പോൾ വാസ്തവത്തിൽ മടിയായിരുന്നു. വലിയ അധികാര സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി. അവരുടെ വിജയങ്ങളെപ്പറ്റി അവർ പറയുന്നത് അതേപടി എഴുതിപ്പിടിപ്പിക്കുന്നത് ഗുമസ്തപ്പണിയോ പബ്ലിക് റിലേഷനോ ആണ്. ജേർണലിസമല്ല. പുകഴ്ത്തിപ്പറഞ്ഞുള്ള ശീലവുമില്ല.
അപ്പോഴാണ് പരിഹാരവും അവർ തന്നെ പറഞ്ഞത്. ചാണകവും ഗോമൂത്രവും കൊണ്ട് കൊറോണ പരിഹരിക്കാം എന്ന് പറയുന്ന യോഗി ആദിത്യ നാഥിനോട് ടീച്ചർക്കെന്ത് പറയാനുണ്ട് എന്ന് ചോദിക്കൂ.

തരക്കേടില്ലാത്ത ആങ്കിളാണ്. ടീച്ചറമ്മ, ടീച്ചർ രക്ഷകി, ടീച്ചർ ദൈവം വിശേഷണങ്ങളിലേക്ക് പോകേണ്ടല്ലോ...
മന്ത്രിയെ വിളിച്ചു. പിറ്റേന്ന് നിയമസഭയിൽ വന്നാൽ സമ്മേളനത്തിന്റെ ഇടവേളകളിൽ കാണാമെന്ന് പറഞ്ഞ് അവർ ഫോൺ വച്ചു. വയ്ക്കാൻ നേരം ഒന്നു കൂടെ പറഞ്ഞു. അങ്ങനെ ഒരന്താരാഷ്ട്ര മാധ്യമത്തിൽ വരാൻ ഞാനൊന്നും ചെയ്തിട്ടില്ല.
നിയമസഭയിൽ വന്നാൽ എത്ര നേരം സംസാരിക്കാനാകുമെന്ന് പ്രൈവറ്റ് സെക്രട്ടറിയോട് ചോദിച്ചു. കുറേ യോഗങ്ങളുണ്ട്. നാലോ അഞ്ചോ മിനിറ്റെന്നയാൾ പറഞ്ഞു.
പതിനഞ്ച് മിനിറ്റ് എങ്കിലും വേണം അഭിമുഖത്തിന്.

ടീച്ചറുടെ വകുപ്പിൽ ജോലി ചെയ്യുന്ന അഷീലിനോട് ആഗ്രഹം പറഞ്ഞു. അവർ സഹായിക്കാമെന്നേറ്റു. പ്രൈവറ്റ് സെക്രട്ടറി ഇങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു. നിയമസഭയും യോഗങ്ങളും കഴിഞ്ഞപ്പോൾ ഏറെ വൈകി. പിറ്റേന്ന് കാണാമെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ അഷീൽ വിളിച്ച് നാലു മണിക്ക് മന്ത്രിയെ ഓഫീസിൽ കാണാമെന്ന് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിൽ മയ്യിൽ പ്രദേശത്ത് ഒരു മാധ്യമ സെമിനാറിൽ അന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായ ടീച്ചർക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. പിന്നെ കണ്ടിട്ടില്ല. മൂന്ന് മണിക്ക് ഓഫീസിൽ ഹാജരായി. ഏഴു മണി വരെ അവിടെയിരുന്നു. സഭ കഴിഞ്ഞ് ഒരു പാട് യോഗങ്ങൾ.

Read more at'ഞങ്ങളുണ്ട് ടീച്ചറെ ഒപ്പം, ഒറ്റക്കെട്ടായി നമ്മൾ അതിജീവിക്കും'; ശൈലജ ടീച്ചർക്ക് പിന്തുണയുമായി കേരളം...

ഓഫീസിലെത്തിയ അവർ ക്ഷമാപണത്തോടെ അടുത്ത് വന്നു. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ല. നല്ല വിശപ്പുണ്ട്. എന്തെങ്കിലും കഴിക്കട്ടെ. പോകാൻ ധൃതിയില്ലല്ലോ...
ഇല്ലെന്ന് പറഞ്ഞു. അധികാരം മത്ത് പിടിപ്പിക്കാത്ത ഭാഷയുടെ സൗന്ദര്യം.
അല്പം കഴിഞ്ഞപ്പോൾ അവർ വിളിച്ചു. ഒരവാർഡ് കമ്മറ്റിക്കാരും കൂടെ കയറി. നല്കാൻ പോകുന്ന അവാർഡിനെക്കുറിച്ച് അവർ വാചാലരായി.
മന്ത്രി നിസ്സംഗതയോടെ എല്ലാം കേട്ടു. എന്നെ ഒഴിവാക്കണമെന്നായി. ചിലതെല്ലാം വിജയിച്ചുവെന്ന് വച്ച് ഇനി തോറ്റു പോയാൽ അവാർഡ് ബാധ്യതയാകുമെന്ന് പറഞ്ഞു. അത്ഭുതം തോന്നി. തന്നെ തന്നെ എത്ര നിസ്സാരമാക്കി അവർ സംസാരിക്കുന്നു. മന്ത്രിയായി ചാർജെടുത്ത കാലത്തെ വീഴ്ച്ചകളും പാളിച്ചകളും പറഞ്ഞ് അവർ തന്നെ ചിരിച്ചു.

അവാർഡുകാരിറങ്ങി. വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്തോ പറയാൻ വന്നപ്പോൾ പുറത്തിരിക്കാമെന്നും കഴിയുമ്പോൾ വിളിച്ചാൽ മതിയെന്നും പറഞ്ഞു. നിങ്ങൾ പത്രക്കാർ പൊതുവിൽ ആ സൗമനസ്യം കാണിക്കാറില്ലെന്നും അവർ പറഞ്ഞു. ഒടുവിൽ അഭിമുഖം തുടങ്ങി. തന്റെതായി ഒരു നേട്ടവുമില്ലെന്ന് തീർത്ത് പറഞ്ഞ അവർ വകുപ്പ് സെക്രട്ടറിയേയും പഴയ സെക്രട്ടറിയേയും പേരെടുത്ത് പരാമർശിച്ചു. പാർട്ടി, മുന്നണി, മുഖ്യമന്ത്രി, ഇതര മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എന്തിന് പ്രതിപക്ഷത്തെ ചില കക്ഷി നേതാക്കൾ വരെ തന്നെ സഹായിച്ചതവർ പറഞ്ഞു. കാശൊന്നും തന്നില്ലെങ്കിലും ദിവസം മൂന്ന് നേരം വിളിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രിയെക്കുറിച്ച് വരെ. അഹങ്കാരമില്ല, കാലുഷ്യമില്ല, സങ്കുചിതത്വമില്ല. അവകാശ വാദങ്ങളുമില്ല.

ഇടയിൽ ഒരു പാട് ഫോൺ വന്നു. രോഗികൾ, ബന്ധുക്കൾ, നഴ്സുമാർ, ഡോക്ടർമാർ, ഉദ്യോഗസ്ഥർ. എല്ലാവരോടും അവർ മാന്യമായി ഏറെ ക്ഷമയോടെ സംസാരിച്ചു. കൂടിക്കാഴ്ച്ച മണിക്കൂറുകൾ നീണ്ടു. ഒടുവിൽ ഇനി കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നില്ലെന്ന് പറഞ്ഞ് ഇറങ്ങി. അവർ ഹൃദയപൂർവം യാത്രയാക്കി.
കക്ഷി രാഷ്ട്രീയത്തിനപ്പുറം വിശാലമായ രാഷ്ട്രീയം പറയുന്നവർ ഇപ്പോഴുമുണ്ടെന്ന ബോധ്യമവർ തരുന്നു. ഭരണ നിർവ്വഹണം സങ്കുചിതത്വങ്ങൾക്കപ്പുറമുള്ള കാര്യമാണെന്നും. ചില വലിയ ശരികൾ ആദരവർഹിക്കുന്നു.

Follow Us:
Download App:
  • android
  • ios