Asianet News MalayalamAsianet News Malayalam

സഹകരണ വകുപ്പ് നിർമ്മിച്ച വീട് പ്രധാനമന്ത്രിയുടെ പേരിലാക്കി; തൊലിക്കട്ടിയിൽ അമ്പരന്ന് മന്ത്രി

സഹകരണ വകുപ്പിന്റെ നാല് ലക്ഷം രൂപയോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതവും ചേർത്ത് നിർമ്മിച്ച വീട് പ്രധാനമന്ത്രി ആവാസ് യോജനയിൽ നിർമ്മിച്ചതാണെന്ന് പ്രചരിപ്പിച്ചതിനെതിരെ മന്ത്രി രംഗത്ത്

Kadakampalli surendran Care home cooperative department PM awas yojana C Krishnakumar
Author
Thiruvananthapuram, First Published Aug 27, 2019, 8:26 PM IST

പാലക്കാട്: സഹകരണ വകുപ്പ് നിർമ്മിച്ച വീട് പ്രധാനമന്ത്രി ആവാസ് യോജന വഴി നിർമ്മിച്ചതാണെന്ന വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പഴമ്പുള്ളിയില്‍ ചന്ദ്രികക്ക് സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീട്, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉണ്ടാക്കിയതാണെന്ന ബിജെപി നേതാവ് സി കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെയാണ് മന്ത്രി രംഗത്ത് വന്നത്. 

സഹകരണ പ്രസ്ഥാനങ്ങളുടെ വിഹിതമായ നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച 95,100 രൂപയും വിനിയോഗിച്ച് അകത്തേത്തറ സര്‍വീസ് കോ ഓപറേറ്റീവ് ബാങ്ക് നിര്‍മിച്ച വീടാണ് പ്രധാനമന്ത്രി ആവാസ് യോജനയുടെ 'അക്കൗണ്ടി'ലാക്കിയത്. കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച 1169ാമത്തെ വീടാണ് ചന്ദ്രികയുടേതെന്നും വീടിന്റെ താക്കോൽ ദാനം അന്ന് എംപിയായിരുന്ന എം.ബി. രാജേഷാണ് നിർവ്വഹിച്ചതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്

ഭാവി ദീർഘവീക്ഷണത്തിലൂടെ കണ്ട് കഥയെഴുതാൻ‍ നല്ല എഴുത്തുകാര്‍ക്ക് കഴിയും എന്ന് കേട്ടിട്ടുണ്ട്. എട്ടുകാലി മമ്മൂഞ്ഞ് എന്ന പ്രസിദ്ധ കഥാപാത്രത്തെ എഴുതുമ്പോള്‍ ബഷീറും അങ്ങനെ ഭാവി കണ്ടിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതികള്‍ക്ക് എല്ലാം “പ്രധാനമന്ത്രി” “യോജന” എന്നീ വാക്കുകള്‍ ചേര്‍ത്ത് പുതിയ പേരിട്ടു ക്രെഡിറ്റ്‌ അടിച്ചു മാറ്റുന്ന ബി ജെ പി നേതാക്കളെയും അണികളെയും മനസ്സില്‍ കണ്ടാകും ബഷീര്‍ ആ കഥാപാത്രത്തെ നിര്‍മിച്ചത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.

പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പഴമ്പുള്ളിയില്‍ ശ്രീമതി ചന്ദ്രികക്ക് സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ വീട് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉണ്ടാക്കിയത് ആണെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിഹിതമായ 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച 95100 രൂപയും വിനിയോഗിച്ച് അകത്തേത്തറ സര്‍വീസ് കോ ഓപറേറ്റീവ് ബാങ്ക് നിര്‍മിച്ചതാണ് ഈ വീട്. കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച 1169-ആമത്തെ വീടാണ് ചന്ദ്രികയുടേത്. ഈ വീടിന്റെ താക്കോൽ ദാനം അന്ന് എംപിയായിരുന്ന ശ്രീ എം.ബി. രാജേഷ് ആണ് നിർവഹിച്ചത്.

സഹകരണ വകുപ്പ് നിര്‍മിച്ചു താക്കോല്‍ കൈമാറിയ വീട് ബി ജെ പി സംസ്ഥാന സെക്രട്ടറിയും പാലക്കാട്‌ മുന്‍സിപ്പല്‍ ഡെപ്യൂട്ടി ചെയര്‍മാനും ആയ സി കൃഷ്ണകുമാര്‍ പിന്നെയും പോയി താക്കോൽ കൊടുത്തത് അങ്ങേയറ്റം അപഹാസ്യകരമാണ്. ഇത്രയും പോരാഞ്ഞിട്ട് ഇത് ചിത്രമെടുത്തു സ്വന്തം ഫേസ്ബുക്ക് പേജില്‍ പ്രചരിപ്പിക്കുവാനും പത്രത്തില്‍ വാര്‍ത്തയായി കൊടുക്കുവാനുമുള്ള തൊലിക്കട്ടി കാണിച്ചു എന്നത് ബോധം ഉള്ള ആരെയും അമ്പരപ്പിക്കുന്നതാണ്.

കടകംപള്ളി സുരേന്ദ്രൻ 
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി

Follow Us:
Download App:
  • android
  • ios