തിരുവനന്തപുരം: കെ ടി ജലീലിനെതിരായ ആരോപണങ്ങളെയും പ്രതിഷേധങ്ങളെയും ലഘൂകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇപ്പോൾ നടക്കുന്ന പ്രതീഷേധങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് കടകംപള്ളി അഭിപ്രായപ്പെട്ടത്. ഒരു മന്ത്രിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത് ഇത്ര വലിയ പ്രമാദമായ വിഷയം ആണോ. ഇതിന് മുമ്പും എത്ര മന്ത്രിമാർ ചോദ്യം ചെയ്യലിന് വിധേയം ആയിട്ടുണ്ട് എന്നും കടകംപള്ളി ചോദിച്ചു.

കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് തലസ്ഥാനം കടക്കുകയാണ്. ഈ സാഹചര്യത്തിൽ സങ്കുചിത രാഷ്ട്രീയം വച്ച് തെരുവിൽ ഇറങ്ങുന്ന ആളുകൾക്ക് അതിന്റെ ഉത്തരവാദിത്തം ഉണ്ടെന്നും കടകംപള്ളി ഓർമ്മിപ്പിച്ചു. മന്ത്രി കെ ടി ജലീല്‌‍ സ്വകാര്യ വാഹനത്തിൽ ചോദ്യം ചെയ്യലിന് പോയ കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചില്ല.

ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ സ്വകാര്യ വാഹനത്തിൽ എത്തിയത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യൽ നടന്നതായി മന്ത്രി ഇതുവരെയും സമ്മതിച്ചിട്ടില്ല. എറണാകുളത്ത് എംജി റോഡിന് സമീപത്തുള്ള മുല്ലശ്ശേരി കനാൽ റോഡിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസ്. ഇതിന് തൊട്ടടുത്തുള്ള ഒരു തുണിക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Read Also: ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് മൂന്നു മണിക്കൂറിലധികം; മന്ത്രി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്