തിരുവനന്തപുരം: ഇന്നലത്തെ കനത്ത മഴയിൽ തമ്പാനൂരിലുണ്ടായ വെള്ളക്കെട്ടിന് ദക്ഷിണ റെയിൽവേയെ കുറ്റപ്പെടുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേയുടെ ലൈനിന് കീഴിലൂടെ പോകുന്ന ഭാഗം വൃത്തിയാക്കാത്തതാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് മന്ത്രി പറഞ്ഞു. തമ്പാനൂരില്‍ മഴവെള്ളം ഒഴുകിപ്പോകേണ്ട ആമയിഴഞ്ചാൻ തോടിന്റെ 119 മീറ്ററുള്ളത് റെയിൽവേ ലൈനിന് കീഴിലൂടെയാണ്. 

സാങ്കേതിക തടസ്സങ്ങളുള്ളതിനാൽ ഈ ഭാഗം വൃത്തിയാക്കാൻ റെയിൽവേ മുൻകൈ എടുക്കണമെന്ന് നഗരസഭ നേരത്തെ അറിയിച്ചിരുന്നു. മാലിന്യം കുമിഞ്ഞുകൂടി വെള്ളം ഒഴുകാതായപ്പോഴും റെയിൽവേ അനങ്ങിയില്ല. മഴ പെയ്ത് റെയിൽവേ സ്റ്റേഷനടക്കം വെള്ളത്തിലായി. ഇന്നലത്തെ വെള്ളക്കെട്ടിന് കാരണം ഇതു മാത്രമെന്ന് മന്ത്രിയും നഗരസഭയും പറയുന്നു. നാളെ ദക്ഷിണ റെയിൽവേ അധികൃതരുമായി നഗരസഭ ചർച്ച നടത്തും. 

മഴക്കാലപൂർവ്വ ശുചീകരണം പൂർത്തിയായ ഓടകളിൽ ആളുകൾ വീണ്ടും മാലിന്യം തള്ളുന്നത് ഗുരുതര അനാസ്ഥയാണെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷൻ അനന്ത പോലെയുള്ള കോടികളുടെ പദ്ധതി എന്തുകൊണ്ട് വെള്ളത്തിലായെന്ന് പരിശോധിക്കണമെന്ന് നേരത്തേ നിയുക്ത എംഎൽഎ ആന്റണി രാജു ആവശ്യപ്പെട്ടിരുന്നു. അനന്തയുടെ തുടർഘട്ടങ്ങൾ നിലച്ചതും ഓടകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാത്തതതുമാണ് തിരിച്ചടിയെന്ന് പദ്ധതിയുടെ അമരക്കാരനായിരുന്ന മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona